
ബെംഗളൂരു: ദില്ലിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വിമാനത്തില്‍ എത്തിയിട്ടും നിരീക്ഷണത്തില്‍ പോകാത്ത കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ന്യായീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. മന്ത്രിക്ക് നിരീക്ഷണത്തിൽ പോകുന്നതിന് ഇളവുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്‍റെ വിശദീകരണം. ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറത്തുവിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ദില്ലിയുൾപ്പെടെ ആറ് തീവ്രബാധിത സംസ്ഥാനങ്ങളിൽ നിന്ന് വിമാനത്തിലോ റോഡ്, റെയിൽ മാർഗമോ എത്തുന്നവർക്ക് കർണാടകത്തിൽ കർശന നിരീക്ഷണമാണുള്ളത്. ഏഴ് ദിവസം സർക്കാർ കേന്ദ്രത്തിലും തുടർന്ന് ഏഴ് ദിവസം വീട്ടിൽ നിരീക്ഷണത്തിലും കഴിയണം. എന്നാല്‍ ദില്ലിയിൽ നിന്ന് ബെംഗളൂരുവിൽ വിമാനമിറങ്ങിയ മന്ത്രിക്ക് മാത്രം നിരീക്ഷണം ബാധകമല്ല.
നിരീക്ഷണകേന്ദ്രത്തിലേക്ക് പോകാതെ വീട്ടിലേക്ക് പോയ മന്ത്രി പിന്നീട് ഓഫീസിൽ സജീവമാകുകയും ചെയ്തു. കേന്ദ്രമന്ത്രിയായത് കൊണ്ട് ഇളവുണ്ടെന്നായിരുന്നു ഇതിന് മന്ത്രിയുടെ വിശദീകരണം. മരുന്ന് നിർമാണ വകുപ്പിന്‍റെ ചുമതലയുളളതിനാൽ മാറിനിൽക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക വിമാനത്തിലാണ് വന്നതെന്നും ആരോഗ്യസേതു ആപ്പ് ഉണ്ടായിരുന്നതിനാല്‍ നിരീക്ഷണം ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു മന്ത്രി.