ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തുപ്രതിമ നിർമാണം നിർത്തിവയ്ക്കാൻ കർണാടക ഹൈക്കോടതി ഉത്തരവ്

By Web TeamFirst Published Oct 22, 2020, 12:29 PM IST
Highlights

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ യാതൊരു വിധ നിർമ്മാണപ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്ന് ഹാരോബെല കപാലബേട്ട അഭിവൃദ്ധി ട്രസ്റ്റിനെ കോടതി കർശനമായി വിലക്കിയിട്ടുണ്ട്.


ബം​ഗളൂരു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുപ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്ന് കർണാടക ഹൈക്കോടതി. പ്രതിമ സ്ഥാപിക്കുന്നതിനായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതാണെന്നും രണ്ട് രാഷ്ട്രീയക്കാരുടെ സ്വാർത്ഥ താത്പര്യങ്ങൾ നടപ്പിലാക്കാനായി സർക്കാർ ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമമാണിതെന്നും പ്രസ്താവിച്ച് നൽകിയ പൊതുതാത്പര്യ ഹർജിയിൻമേലാണ് നടപടി. ബം​ഗളൂരുവിൽ നിന്ന് 80 കിലോ മീറ്റർ അകലെ രാമന​ഗര ജില്ലയിലെ കനകപുര താലൂക്കിലെ കപാലബേട്ടയിലാണ് ക്രിസ്തു പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ യാതൊരു വിധ നിർമ്മാണപ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്ന് ഹാരോബെല കപാലബേട്ട അഭിവൃദ്ധി ട്രസ്റ്റിനെ കോടതി കർശനമായി വിലക്കിയിട്ടുണ്ട്.

അന്തോണി സ്വാമിയും മറ്റ് ഏഴ്പേരും ചേർന്ന് സമർപ്പിച്ച ഹർജി പരി​ഗണിച്ച് ചീഫ് ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റീസ് അശോക് എസ് കിനാ​ഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും സംസ്ഥാന സർക്കാരിനും ട്രസ്റ്റിനും നോട്ടീസ് നൽകുകയും ചെയ്തു. കനകപുരയിൽ 2000 ക്രിസ്ത്യാനികളാണുളളതെന്നും അവരിൽ 1500 പേർ നല്ലഹള്ളി, ഹരോബെല എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. കർണാടകയിലെ മുൻ കോൺ​ഗ്രസ് നേതാക്കളായ ഡികെ ശിവകുമാർ, ഡികെ സുരേഷ് എന്നിവരുടെ പേരുകളാണ് ഹർജിയിൽ പരാമർശിച്ചിരിക്കുന്നത്. ഇവർ ക്രൈസ്തവ സമുദായത്തിന്റെ നിർദ്ദേശമില്ലാതെ സ്വമേധയാ ആണ് ക്രിസ്തു പ്രതിമ നിർമ്മാണത്തിന് മുന്നിട്ടിറങ്ങിയതെന്നും ഹർജിക്കാർ ആരോപിക്കുന്നു. 

ഡികെ ശിവകുമാർ, ഡികെ സുരേഷ് എന്നിവരുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രതിമ നിർമ്മാണത്തിനായി 10ഏക്കർ സ്ഥലം ആവശ്യപ്പെട്ട് ട്രസ്റ്റ് അപേക്ഷ നൽകിയതെന്നും ഹർജിയിൽ പറയുന്നു. ഹാരോബെല ​ഗ്രാമത്തിൽ ഇപ്പോൾ ഒരു പള്ളിയുണ്ടെന്നും മറ്റൊരു പള്ളിയുടെ ആവശ്യമില്ലെന്നുമാണ് ഹർജിക്കാരുടെ വെളിപ്പെടുത്തൽ. കപാലബേട്ടയിൽ ക്രൈസ്തവ മതസ്മാരകങ്ങളുണ്ടെന്ന ശിവകുമാറിന്റെ പ്രസ്താവന ശരിയല്ല, വോട്ട് ബാങ്ക് ലക്ഷ്യമാക്കി, ഒരു പ്രത്യേക മതവിഭാ​ഗത്തെ അനുകൂലിച്ച്, മതവൈരം സൃഷ്ടിക്കാനാണ് ഡികെ സഹോദരങ്ങൾ ശ്രമിക്കുന്നതെന്നും ഹർജിക്കാർ ആരോപിച്ചു. 

114 അടി ഉയരത്തിൽ‌ ക്രിസ്തു പ്രതിമ നിർമ്മിക്കാനുള്ള നീക്കങ്ങളാണ് നടന്നു വന്നിരുന്നത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കുന്ന ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്തു പ്രതിമയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 

  
 

click me!