
അയോധ്യ: കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ (Karnataka Hijab ban) പ്രതിഷേധിച്ച വിദ്യാർത്ഥിനി ബിബി മുസ്‌കാൻ ഖാനെ പിന്തുണച്ച് ആര്‍എസ്എസിന്‍റെ മുസ്ലീം വിഭാഗം - മുസ്ലീം രാഷ്ട്രീയ മഞ്ച്. ഹിജാബും പർദയും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് അവധ് പ്രാന്ത സംചാലക് അനിൽ സിംഗ് പറഞ്ഞു. ഹിജാബ് ധരിക്കാനുള്ള ബിബി മുസ്‌കന്‍റെ ആഹ്വാനത്തെ ആരും എതിര്‍ക്കേണ്ടതില്ലെന്നും അനിൽ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ബിബി മുസ്‌കാൻ ഖാന്‍ നമ്മുടെ സമൂഹത്തിന്‍റെ ഭാഗമാണ്. നമ്മുടെ മകളും സഹോദരിയുമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് അവര്‍ക്കൊപ്പമാണെന്നും അനില്‍ സിംഗ് പറഞ്ഞു. ബിബി മുസ്കാന്‍ ഖാനെതിരെ നടന്ന ആക്രമണങ്ങളെയും മുസ്ലീം രാഷ്ട്രീയ മഞ്ച് അപലപിച്ചു. ഹിന്ദു സംസ്കാരം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. 'ജയ് ശ്രീറാം' വിളിച്ച് അവള്‍ക്ക് നേരെ ചെന്നവരും ആ പെൺകുട്ടിയെ ഭയപ്പെടുത്താൻ ശ്രമിച്ചവരും ചെയ്തത് തെറ്റാണ്- അനില്‍ സിംഗ് പറഞ്ഞു.
ആ പെൺകുട്ടിക്ക് ഹിജാബ് ധരിക്കാൻ ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ട്. അവൾ ക്യാമ്പസിന്‍റെ ഡ്രസ് കോഡ് ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാൻ ആ സ്ഥാപനത്തിന് അവകാശമുണ്ട്. എന്നാല്‍ കഴുത്തില്‍ കാവി ഷോള്‍ അണിഞ്ഞ് ജയ് ശ്രീറാം' വിളിക്കുന്ന ആൺകുട്ടികളുടെ പെരുമാറ്റം അംഗീകരിക്കാനാകില്ല. അവർ ഹിന്ദു സംസ്‌കാരത്തെ അപകീർത്തിപ്പെടുത്തിയെന്നും ആർഎസ്എസ് നേതാവുകൂടിയായ അനില്‍ സിംഗ് പറഞ്ഞു.
"ഹിജാബ് അല്ലെങ്കിൽ പർദ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്, ഹിന്ദു സ്ത്രീകളും ഇഷ്ടാനുസരണം വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ട്്. അതേ അവകാശം മുസ്കാനും ഉണ്ട്. മുസ്ലീം സമൂദായത്തിലെ അംഗങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളാണെന്നും രണ്ട് സമുദായങ്ങളുടെയും ഡിഎൻഎ ഒന്നുതന്നെയാണെന്നും ആര്‍എസ്എസ് തലവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അവരെ സഹോദരന്മാരായി അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും സിംഗ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam