
ബെംഗളൂരു: നിയമപരമായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ആർ എസ് എസ് മേധാവി മോഹൻ ഭഗവതിന് കത്തെഴുതി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ. രാജ്യത്തെ മറ്റ് സംഘടനകൾക്കെന്ന പോലെ രാഷ്ട്രീയ സ്വയംസേവക് സംഘിനും രജിസ്ട്രേഷൻ അനിവാര്യമാണെന്നും സംഘടന നിയമപരമായി മാത്രമേ പ്രവർത്തിക്കാവൂ എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സംഘടനകളെപ്പോലെ തന്നെ രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനുള്ള പൂർണ്ണമായ ബാധ്യത ആർ എസ് എസിനുമുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് കർണാടക മന്ത്രി കത്തയച്ചിരിക്കുന്നത്. ആർ എസ് എസിനെതിരായ പോരാട്ടം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് മന്ത്രിയുടെ ഈ പുതിയ നീക്കം. സംഘടനയുടെ സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തണമെന്നതാണ് കത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. ആർ എസ് എസിന് ലഭിക്കുന്ന ഫണ്ടുകളുടെ പൂർണ്ണമായ വിവരങ്ങൾ വെളിപ്പെടുത്താൻ സംഘടന തയ്യാറാകണമെന്ന് പ്രിയങ്ക് ഖർഗെ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമപ്രകാരമുള്ള നികുതികൾ കൃത്യമായി അടയ്ക്കാനുള്ള ബാധ്യത ആർ എസ് എസിനുണ്ടെന്നും സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ സുതാര്യത പാലിക്കാൻ സംഘടന നിർബന്ധിതരാണെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി. കർണാടക സർക്കാരും ആർ എസ് എസും തമ്മിലുള്ള രാഷ്ട്രീയപ്പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് ഈ കത്തിലൂടെ പുറത്തുവരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam