കർ'നാടക'ത്തിൽ ട്വിസ്റ്റ്: വിമതരെ ഹോട്ടലിലെത്തി കണ്ട് ബിജെപി നേതാക്കൾ

By Web TeamFirst Published Jul 9, 2019, 10:59 PM IST
Highlights

മുൻ സ്പീക്കർ കെ ജി ബൊപ്പയ്യയും മുൻ ഉപമുഖ്യമന്ത്രി ആർ അശോകയുമാണ് മുംബൈയിലെ സ്വകാര്യ ഹോട്ടലിലെത്തി വിമതരെ കണ്ടത്. നാളെ ഗവർണറെ കണ്ട് ഇടപെടാൻ ആവശ്യപ്പെടാനിരിക്കുകയാണ് യെദിയൂരപ്പ. 

ബെംഗളുരു: കർണാടക പ്രതിസന്ധി തുടരവെ, മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലിലെത്തി വിമത എംഎൽഎമാരെ കണ്ട് മുതിർന്ന ബിജെപി നേതാക്കൾ. മുൻ സ്പീക്കർ കെ ജി ബൊപ്പയ്യയും മുൻ ഉപമുഖ്യമന്ത്രി ആർ അശോകയുമാണ് മുംബൈയിലെ സ്വകാര്യ ഹോട്ടലിലെത്തി വിമതരെ കണ്ടത്. നാളെ ഗവർണറെ കണ്ട് ഇടപെടാൻ ആവശ്യപ്പെടാനിരിക്കുകയാണ് യെദിയൂരപ്പ. എല്ലാറ്റിനും പിന്നിൽ ബിജെപിയാണെന്നും, എംഎൽഎമാരെ കടത്തിയതിന് പിന്നിൽ ബിജെപിയുടെ കയ്യുണ്ടെന്നുമുള്ള സഖ്യനേതാക്കളുടെ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുന്നതാകും ഈ കൂടിക്കാഴ്ച. 

ഇതിനിടെ, കോൺഗ്രസ് - ജെഡിഎസ് സഖ്യസർക്കാരിന് സമയം നീട്ടി നൽകിയ സ്പീക്കറുടെ നടപടിക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങി ബിജെപി. വിധാൻ സൗധയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നാണ് പ്രഖ്യാപനം. നാളെ ഗവർണറെ നേരിട്ട് കണ്ട്, ഇടപെടണമെന്ന് യെദിയൂരപ്പയും എംഎൽഎമാരും ആവശ്യപ്പെടും. 

Arvind Limbavali, BJP: A meeting of Karnataka BJP MLAs was held under BS Yeddyurappa. Yesterday we decided to protest at district headquarters for the immediate resignation of CM. Today we have decided that all BJP MLAs will protest in front of Vidhan Soudha at 11:30 AM tomorrow. pic.twitter.com/2Hfyztn8tV

— ANI (@ANI)

നിലവിൽ സ്പീക്കറുടെ കയ്യിലാണ് കാര്യങ്ങൾ. ഗവർണർ ഇടപെട്ടാൽ കളി മാറും. സ്പീക്കറോട് റിപ്പോർട്ട് തേടാനും തുടർ നടപടികളിൽ നിർദേശം നൽകാനും ഗവർണർക്ക് കഴിയും. ഇതൊഴിവാക്കാനാണ് കോൺഗ്രസ് - ദൾ നേതൃത്വങ്ങൾ ശ്രമിക്കുന്നത്. 

ഇതിനിടെ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്‍റെ പ്രതിനിധിയായി ഗുലാംനബി ആസാദ് ബെംഗളുരുവിലെത്തി. സിദ്ധരാമയ്യയടക്കമുള്ള മുതിർന്ന നേതാക്കളെ കണ്ടു. കോൺഗ്രസിന്‍റെ രാഷ്ട്രീയകരുനീക്കങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായ ഡി കെ ശിവകുമാർ വീണ്ടും മുംബൈയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. മുംബൈയിൽ ബാന്ദ്ര കുർള കോംപ്ലക്സിൽ നഗരമധ്യത്തിലാണ് എംഎൽഎമാർ ആദ്യം എത്തിയ സോഫിടെൽ എന്ന പഞ്ചനക്ഷത്ര ഹോട്ടൽ. അവിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ച സാഹചര്യത്തിൽ എംഎൽഎമാർ പവൗയിലുള്ള റിനയസൻസ് എന്ന പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറി. നാല് ദിവസത്തിനകം രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകൾ!

അതേസമയം, ഹോട്ടലിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നവിസുമായി അടുത്ത ബന്ധമുള്ള യുവമോർച്ച നേതാവും, മറ്റൊരു ബിജെപി നേതാവും എത്തിയതായും റിപ്പോർട്ടുകളുണ്ട്. യുവമോർച്ചാ നേതാവ് മോഹിത് കാംബോജ്, ബിജെപി നേതാവ് പ്രസാദ് ലാഡെ എന്നിവരാണ് ഹോട്ടലിലെത്തിയത്. 'ഞായറാഴ്ചയായതിനാൽ സ്പായിൽ വന്നതാണെ'ന്നാണ് മോഹിത് കാംബോജ് പറഞ്ഞത്. വജ്രവ്യാപാരിയാണ് മോഹിത് കാംബോജ്. 

അതേസമയം, എംഎൽഎമാരെ ബിജെപി തോക്കിൻ മുനയിൽ നിർത്തിയിരിക്കുകയാണെന്നും, ഫോണുകൾ പിടിച്ചു വച്ചിരിക്കുകയാണെന്നുമാണ് കേന്ദ്രനേതാക്കളോടൊപ്പമുള്ള യോഗശേഷം യോഗശേഷം കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞത്. 

മന്ത്രിപദവി വച്ചു നീട്ടിയിട്ടും, കോൺഗ്രസ് നേതാക്കൾ നേരിട്ടെത്തി കണ്ടിട്ടും വഴങ്ങാത്ത വിമതരെ കോടതി കയറ്റാനാലോചിക്കുകയാണ് കോൺഗ്രസ് - ജനതാദൾ നേതൃത്വം. അവസാനശ്രമങ്ങളാണ് നേതാക്കൾ നടത്തുന്നത്. കോൺഗ്രസിന്‍റെ കേന്ദ്ര നേതൃത്വം തന്നെ ബെംഗളുരുവിലേക്ക് പോകാനൊരുങ്ങുന്നു. ഗുലാം നബി ആസാദടക്കമുള്ള മുതിർന്ന നേതാക്കളാണ് ബെംഗളുരുവിലെത്തുക. സ്പീക്കർ കെ ആർ രമേശ് കുമാർ മറുവശത്ത് ഗവർണർക്ക് കത്ത് നൽകുന്നു. രാജി നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും നേരിട്ട് വന്ന് കാണണമെന്നും സ്പീക്കർ എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമതീരുമാനം പരമാവധി നീട്ടി സഖ്യ നേതൃത്വത്തിന് സമയം നൽകുകയാണ് സ്പീക്കർ. 

രാജി വച്ച 13-ൽ എട്ട് പേരുടെയും രാജി നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കർണാടക നിയമസഭാ ചട്ടത്തിന്‍റെ റൂൾ 202-ന് വിരുദ്ധമായാണ് ഇവരെല്ലാം രാജി നൽകിയിരിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ അത് സ്വീകരിക്കില്ല. ബാക്കി അഞ്ച് പേർ മാത്രമാണ് നടപടിക്രമങ്ങൾ പാലിച്ച് രാജി നൽകിയിരിക്കുന്നത്. ഈ അഞ്ച് പേരോടും നേരിട്ട് വന്ന് കാണാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് രണ്ട് ദിവസം സമയം നൽകിയിട്ടുണ്ട്. ആനന്ദ് സിംഗ്, രാമലിംഗറെഡ്ഡി, പ്രതാപ് ഗൗഡ പാട്ടീൽ, ഗോപാലയ്യ, നാരായൺ ഗൗഡ എന്നിവരോടാണ് നേരിട്ട് വരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ രണ്ട് പേർ ജെഡിഎസ്സുകാരാണ്. മൂന്ന് പേർ കോൺഗ്രസുകാരും. ആനന്ദ് സിംഗും നാരായൺ ഗൗഡയും നിയമസഭാ സമ്മേളനം തുടങ്ങുന്ന വെള്ളിയാഴ്ച തന്നെ സ്പീക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ തിങ്കളാഴ്ചയും സ്പീക്കറെ കാണും.

അതായത് എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള തന്ത്രം കോൺഗ്രസ് സ്പീക്കറെ മുൻ നിർത്തി പയറ്റുകയാണ്. ഭരണഘടനാപരമായ നടപടിയുണ്ടാകുമെന്ന ഭീഷണി കൂടി മുന്നോട്ടുവച്ചാണ് കോൺഗ്രസ് വിമതരെ നേരിടുന്നത്. ഇതിനിടെ വിമതരെ അയോഗ്യരാക്കാനുള്ള നീക്കവും കോൺഗ്രസ് നേതാക്കൾ സ്പീക്കറുമായി ആലോചിച്ച് നടത്തുന്നു. മാധ്യമങ്ങളിലൂടെ സർക്കാരിനെതിരെ സംസാരിക്കുകയും, രാജി കത്തിലൂടെ മാത്രം നൽകുകയും, നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്നത് തന്നെ അയോഗ്യത കൽപിക്കാനുള്ള കാരണങ്ങളാണെന്ന് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി കോടതി കയറിയാൽത്തന്നെ, എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ കോൺഗ്രസിന് നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. 

''എംഎൽഎമാരെ അയോഗ്യരാക്കരുതെന്ന് ഞാൻ സ്പീക്കറോട് അഭ്യർത്ഥിക്കുകയാണ്. അവർക്ക് അടുത്ത ആറ് വർഷത്തേക്ക് പിന്നെ മത്സരിക്കാനാകില്ല. രാജി പിൻവലിച്ച് തിരിച്ചു വരണമെന്നാണ് എംഎൽഎമാരോട് ആവശ്യപ്പെടുന്നത്'', സിദ്ധരാമയ്യ പറഞ്ഞു. വാക്കുകളിൽ ഭീഷണിസ്വരം വ്യക്തം. 

ഇപ്പോഴത്തെ കണക്ക് എങ്ങനെ? 

ആകെ രാജി വച്ചവർ -14

14 പേരുടെ രാജി സ്വീകരിച്ചാൽ കോൺഗ്രസ് - ദൾ സർക്കാരിനൊപ്പം - 103

ബിജെപി - 105

സ്വതന്ത്രരുടെ പിന്തുണ - 2

ബിജെപിക്ക് - 107 പേരുടെ പിന്തുണ 

രാജി വച്ച എംഎൽഎമാരായ സ്വതന്ത്രൻ എച്ച് നാഗേഷും, കെപിജെപി എംഎൽഎ ആർ ശങ്കറും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമസഭയിൽ 105 എംഎൽഎമാർ സ്വന്തമായുള്ള ബിജെപിക്ക് ഇതോടെ 107 ആയി ഭൂരിപക്ഷം എന്നാണ് യെദിയൂരപ്പ അവകാശപ്പെടുന്നത്. 14 പേരുടെ രാജി അംഗീകരിച്ച് കഴിഞ്ഞാൽ 225 അംഗനിയമസഭയിൽ 211 ആയി ചുരുങ്ങും. ഇതോടെ അധികാരമുറപ്പിക്കാനുള്ള അംഗസംഖ്യ, അതായത് കേവലഭൂരിപക്ഷം 106 ആയി കുറയും. അതായത് അധികാരത്തിലേറാൻ 107 എംഎൽഎമാർ മതിയെന്നർത്ഥം. ഈ 107 സ്വന്തം കയ്യിലുണ്ടെന്നാണ് യെദിയൂരപ്പ പറയുന്നത്. 

നിയമസഭാകക്ഷി യോഗത്തിന് വരാത്തവർ 

ആകെ - 18

ഇതിൽ വിമതർ - 11

മറ്റ് എംഎൽഎമാർ - 7

വിശദീകരണം നൽകിയത് - 6 പേർ 

വിശദീകരണം നൽകാതെ മാറി നിന്നത് - 1 എംഎൽഎ

കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കാൻ ശുപാർശ - 10 പേർക്കെതിരെ മാത്രം (റോഷൻ ബെയ്‍ഗിനെതിരെ നടപടി ആവശ്യപ്പെട്ടേക്കില്ല, ആദ്യം രാജി വച്ചവർക്ക് എതിരെ മാത്രം)

click me!