കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി; വിശ്വാസവോട്ടെടുപ്പില്‍ ഇന്ന് തീരുമാനം

By Web TeamFirst Published Jul 15, 2019, 7:09 AM IST
Highlights

കർണാടകത്തിൽ വിശ്വാസവോട്ടിന്റെ തീയ്യതി സംബന്ധിച്ച് ഇന്ന് തീരുമാനമാകും. വിശ്വാസവോട്ട് സംബന്ധിച്ചുള്ള സ്പീക്കറുടെ നിർണ്ണായ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എംഎൽഎമാർ.

ബം​ഗളൂരു: കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കർണാടകത്തിൽ വിശ്വാസവോട്ടിന്റെ തീയ്യതി സംബന്ധിച്ച് ഇന്ന് തീരുമാനമാകും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി നിയമസഭാ കാര്യോപദേശക സമിതി യോഗം രാവിലെ ചേരും. വിശ്വാസവോട്ട് സംബന്ധിച്ചുള്ള സ്പീക്കറുടെ നിർണ്ണായ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എംഎൽഎമാർ.  

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ സഖ്യ സർക്കാരിന് കഴിയില്ല. ഏഴ് പേരെങ്കിലും തീരുമാനം മാറ്റിയാൽ മാത്രമേ സർക്കാരിന്‌ ഭൂരിപക്ഷം തെളിയിക്കാനാവൂ. വിമതരുടെ രജിക്കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് നാളെ വരാനിരിക്കെ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ച നടത്താനാണ് കുമാരസ്വാമിയുടെ ആലോചന. രാവിലെ 9 മണിക്ക് കോൺഗ്രസ്‌ നിയമസഭാ കക്ഷി യോഗം ചേരും. അതേസമയം, വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ വേണമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയോട് പ്രതിപക്ഷ നേതാവ് ബിഎസ് യെദിയൂരപ്പ ആവശ്യപ്പെടും.  

കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ 13 മാസം പൂർത്തിയാക്കിയപ്പോഴാണ് ഭരണപക്ഷത്തുനിന്ന് 16 എംഎൽഎമാരു കൊഴിഞ്ഞുപോക്ക്. കോൺഗ്രസിൽനിന്ന് 13 പേരും ജെഡിഎസിൽനിന്ന് മൂന്നുപേരുമാണ് രാജി പ്രഖ്യാപിച്ചത്. സർക്കാരിനെ പിന്തുണച്ച സ്വതന്ത്രനും കെപിജെപി അംഗവും ബിജെപിയോടൊപ്പം ചേർന്നു. ഇതോടെ നിയമസഭയിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇതിന് പിന്നാലെ വിശ്വാസവോട്ടിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് കുമാരസ്വാമി രം​ഗത്തെത്തുകയായിരുന്നു.  
 

click me!