
കോഴിക്കോട് - മൈസൂർ ദേശീയപാതയിൽ രാത്രി യാത്രാ നിരോധന സമയം ദീർഘിപ്പിക്കാൻ കർണാടക വനം വകുപ്പിന്റെ നീക്കം. ഇന്നലെ ഇതേ പാതയിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കർണാടക വനം വകുപ്പ് അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിൽ രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ ആറ് മണിവരെയുള്ള നിരോധനം വൈകിട്ട് ആറുമണി മുതൽ പുലർച്ചെ ആറു മണി വരെ ആക്കണമെന്നാണ് ആവശ്യം.
കേരള കർണാടക അതിർത്തിയിൽ മൂലഹള്ളയ്ക്കും മധൂർ ചെക്ക്പോസ്റ്റിനും ഇടയിൽ ഇന്നലെ കാട്ടാന ചരക്കുലോറി ഇടിച്ച് ചരിഞ്ഞിരുന്നു.രാത്രി 9 മണിക്ക് ഗേറ്റ് അടയ്ക്കുന്നതിനു മുമ്പ് വനാതിർത്തി പിന്നിടാൻ അമിതവേഗതയിൽ എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് ലോറി ഇടിച്ചായിരുന്നു അപകടം
രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന ഈ മേഖലയിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ വാഹനം ഇടിച്ച് ചരിയുന്ന രണ്ടാമത്തെ ആന. മാൻ ഉൾപ്പെടെ മറ്റു നിരവധി മൃഗങ്ങൾക്ക് ഇതേ കാലയളവിൽ വാഹനങ്ങൾ ഇടിച്ച് ജീവൻ നഷ്ടപ്പെട്ടതായും കർണാടക വനം വകുപ്പ് പറയുന്നു. നിലവിലുള്ള നിരോധനം വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായതല്ലെന്നതിന് തെളിവാണ് ഈ സംഭവം എന്നും അതിനാൽ നിരോധന സമയം ദീർഘിപ്പിക്കണം എന്നുമാണ് കർണാടക വനം വകുപ്പിന്റെ വാദം
2009 ലാണ് കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ ബന്ദിപ്പൂർ വനമേഖലയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തിയത്. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിന്റെ ശുപാർശയെ തുടർന്ന് ചാമരാജനഗർ ജില്ലാ കലക്ടർ ആയിരുന്നു രാത്രി യാത്ര നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം ഉയരുകയും നിരോധനത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ ഉൾപ്പെടെ സമീപിക്കുകയും ചെയ്തെങ്കിലും നിരോധനത്തിന് മാറ്റമുണ്ടായില്ല.
നിലവിൽ ബാവലി വഴിയുള്ള മൈസൂർ മാനന്തവാടി പാതയിൽ 12 മണിക്കൂർ രാത്രി യാത്ര നിരോധനമാണുള്ളത്.ഇതേ മാതൃകയിൽ നിരോധനം നടപ്പാക്കിയാൽ മാത്രമേ വന്യ മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയു എന്നാണ് കർണാടക വനം വകുപ്പിന്റെ നിലപാട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam