'മാപ്പു പറഞ്ഞില്ലെങ്കില്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കും; നാക്കും കണ്ണുകളും പിഴുതെടുക്കും'; ജാവേദ് അക്തറിന് കര്‍ണിസേനയുടെ ഭീഷണി

By Web TeamFirst Published May 5, 2019, 3:31 PM IST
Highlights

തന്‍റെ വാചകങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണ്.  മുഖം മൂടുന്ന രീതിയിലുള്ള ബുര്‍ഖയ്ക്കൊപ്പം അത്തരത്തിലുള്ള ഘൂണ്‍ഘത്തു കൂടി നിരോധിക്കേണ്ടതുണ്ടെന്നുമാണ് താന്‍ പറഞ്ഞതെന്നായിരുന്നു ജാവേദ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്. 

ഭോപ്പാല്‍: ഘൂണ്‍ഘത്ത് നിരോധിക്കണമെന്ന പരാമര്‍ശത്തില്‍ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തര്‍ മാപ്പു പറയണമന്നും അതല്ലെങ്കില്‍ ഭവിഷത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നുമുളള  ഭീഷണിയുമായി കര്‍ണി സേന രംഗത്ത്. പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ വീട്ടില്‍ കയറി വന്ന് മര്‍ദ്ദിക്കുമെന്നും നാക്കും കണ്ണുകളും പിഴുതെടുക്കുമെന്നുമാണ്  കര്‍ണിസേനയുടെ ഭീഷണി. കര്‍ണിസേന നേതാവ് ജിവന്‍ സിങ് സൊലാങ്കിയാണ് ജാവേദ് അക്തറിനെതിരെ രംഗത്തെത്തിയത്. 

ഭോപ്പാലില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ, ബുര്‍ഖ നിരോധിക്കുകയാണെങ്കില്‍ അതിനൊപ്പം രാജസ്ഥാനിലെ സ്ത്രീകളുടെ മുഖാവരണമായ ഘൂണ്‍ഘത്തും കൂടി നിരോധിക്കണമെന്നായിരുന്നു ജാവേദ് അക്തറിന്‍റെ പരാമര്‍ശം. ഘൂണ്‍ഘത്തും മുഖം മറക്കുന്ന രീതിയിലുള്ളതാണെന്നും രാജസ്ഥാനില്‍ അവസാനഘട്ടത്തിലുള്ള ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപ്, ഘൂണ്‍ഘത്ത് നിരോധനം കൊണ്ടു വരണമെന്നുമായിരുന്നു ജാവേദ് അക്തര്‍ പറഞ്ഞത്. 

ഇതേത്തുടര്‍ന്നാണ് ജാവേദ് അക്തറിന് നേരേ കര്‍ണിസേന രംഗത്തെത്തിയത്. ബുര്‍ഖ ഭീകരവാദവുമായും രാജ്യ സുരക്ഷയുമായും ബന്ധപ്പെട്ടിരിക്കുന്നതാണ് ഘൂണ്‍ഘത്ത് അങ്ങനെയല്ലെന്നാണ് കര്‍ണിസേനയുടെ വാദം. ഘൂണ്‍ഘത്ത് നിരോധിക്കണമെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ജാവേദ് അക്തറിന് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

തുടര്‍ന്ന് തന്‍റെ പരാമര്‍ശത്തെ തെറ്റായി വ്യഖ്യാനിച്ചതാണെന്നു  വ്യക്തമാക്കി അദ്ദേഹം സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. തന്‍റെ വാചകങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ശ്രീലങ്ക എന്ന രാജ്യം ഒരു പക്ഷേ സുരക്ഷയെ മുന്‍നിര്‍ത്തിയാവാം ബുര്‍ഖ നിരോധിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണത്തിന് നിരോധനം  ആവശ്യമാണ്. മുഖം മൂടുന്ന രീതിയിലുള്ള ബുര്‍ഖയ്ക്കൊപ്പം അത്തരത്തിലുള്ള ഘൂണ്‍ഘത്തു കൂടി നിരോധിക്കേണ്ടതുണ്ടെന്നുമാണ് താന്‍ പറഞ്ഞതെന്നായിരുന്നു ജാവേദ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്. 

Some people are trying to distort my statement . I have said that may be in Sri Lanka it is done for security reasons but actually it is required for women empowerment . covering the face should be stopped whether naqab or ghoonghat .

— Javed Akhtar (@Javedakhtarjadu)

ശ്രിലങ്കയില്‍ ഭീകരാക്രമണത്തിന് പിന്നാലെ ബുര്‍ഖ നിരോധിച്ചതോടെ ഇന്ത്യയിലും നിരോധനം വേണമെന്ന് വ്യക്തമാക്കി നേരത്തെ ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതാദ്യമായല്ല ഭീഷണിയുമായി കര്‍ണിസേന രംഗത്തെത്തുന്നത്. നേരത്തെ ബോളീവുഡ് ചിത്രം പത്മാവതിനെതിരെയും ചിത്രത്തിന്‍റെ പ്രവര്‍ത്തകര്‍ക്കെതിരെയും സേന രംഗത്തെത്തിയിരുന്നു. പത്മാവത് നിരോധിക്കണമെന്നായിരുന്നു ആവശ്യം. 
 

click me!