
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ച സംഭവത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. ജനക്കൂട്ടം പെരുകുകയും ചൂടും തിരക്കും കാരണം ആളുകൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടാനും തുടങ്ങിയപ്പോൾ വിജയ് തന്റെ പ്രസംഗം നിർത്തി ജനക്കൂട്ടത്തിന് നേരെ വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കുന്നത് വീഡിയോയിൽ കാണാം. ഏകദേശം 30,000 അനുയായികളും ആരാധകരും ആണ് തടിച്ചു കൂടിയതെന്നാണ് കണക്ക്. വിജയ് നിൽക്കുന്ന പ്രചാരണ ബസിന് സമീപം അത്രയും തിങ്ങിക്കൂടിയാണ് ആളുകൾ നിന്നിരുന്നത്.
ഇന്ന് ഉച്ചയോടെ വിജയ് കരൂരിൽ എത്തേണ്ടതായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പക്ഷേ വൈകുന്നേരം 6 മണിക്ക് ശേഷമാണ് അദ്ദേഹം അവിടെ എത്തിയത്. ഇത് ജനക്കൂട്ടം തിങ്ങിനിറയാൻ കാരണമായി. അദ്ദേഹത്തിന്റെ ബസ് എത്തുമ്പോഴേക്കും റോഡിൽ സ്ഥലമില്ലാതായെന്നും ഉദ്യോഗസ്ഥർ പറയുന്നു. വിജയ് വൈകിയെത്തിയത് രാഷ്ട്രീയ ആയുധമാക്കുകയാണ് ഡിഎംകെ. തിരക്ക് കൂടിയ, വലിയൊരു വിഭാഗം ആളുകൾക്കിടയിൽ തനിക്ക് പിന്തുണയുണ്ടെന്ന് അവകാശപ്പെടാനാണ് വിജയ് വൈകിയെത്തിയതെന്ന് ഡിഎംകെ ആരോപിക്കുന്നു.
അതിനിടെ, വിജയിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ ജിഎസ് മണി പരാതി നൽകി. ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. ഇതുവരെ 38 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 12 കുട്ടികളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 12 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 58 പേർ വിവിധയിടങ്ങളിലായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam