കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്: കളമശേരി സ്വദേശിയുടെ ഹർജിയിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം

By Web TeamFirst Published Mar 20, 2023, 10:17 PM IST
Highlights

തീവ്രവാദ റിക്രൂട്ട്മെന്റിൽ ഫിറോസിന് പങ്കില്ലെന്നും നിരാപരാധിയാണെന്നും ഹർജിക്കാരിനായി ഹാജരായ അഭിഭാഷകർ വാദിച്ചു

ദില്ലി : കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ കേരള ഹൈക്കോടതി വിധിച്ച ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പന്ത്രണ്ടാം പ്രതിയായ  കളമശേരി സ്വദേശി ഫിറോസ് നൽകി ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത് അടുത്ത മാസം പത്തിലേക്ക് മാറ്റി. ഹർജിയുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ് എം ആർ ഷാ , ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ഇതോടെയാണ് ഹർജി അടുത്ത മാസത്തേക്ക് മാറ്റിയത്. 

തീവ്രവാദ റിക്രൂട്ട്മെന്റിൽ ഫിറോസിന് പങ്കില്ലെന്നും നിരാപരാധിയാണെന്നും ഹർജിക്കാരിനായി മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ, അഭിഭാഷകരായ സുവിദത്ത് സുന്ദരം, ബോസ്കോ കെ ടി, രോഹിത്ത് ആർ എന്നിവർ വാദിച്ചു. വ്യക്തമായ തെളിവില്ലാതെയാണ് എൻഐഎ പ്രതി ചേർത്തതെന്ന് ഹർജിയിൽ പറയുന്നു. കേസിൽ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. മൂന്ന് പേരെ വെറുതെ വിട്ടിരുന്നു. തടയിന്റവിട നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നായിരുന്നു കേസ്. 

ആകെ 24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇവർ മലയാളികളായിരുന്നു. കേസിലെ രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. മറ്റുള്ള 18 പ്രതികളില്‍ അഞ്ചു പേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 2013ല്‍ കേസിലെ   മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് കൊച്ചിയിലെ എന്‍ ഐ എ വിചാരണ കോടതി വിധിച്ചത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

click me!