നാട്ടുകാരും പൊലീസും തുണയായി; യു പിയില്‍ ക്രൂരമര്‍ദ്ദനമേറ്റ കശ്മീരി കച്ചവടക്കാര്‍ വീണ്ടുമെത്തി

By Web TeamFirst Published Mar 9, 2019, 4:33 PM IST
Highlights

കശ്മീരിൽ നിന്നുള്ളവരാണെന്ന് ആരോപിച്ച് അബ്ദുൾ സലാം നായിക് (35), അഫ്സൽ നായിക് (40) എന്നിവരേയാണ് വിശ്വ ഹിന്ദു ദള്‍ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് എത്തിയ ഒരു സംഘം ആളുകൾ ആക്രമിച്ചത്. 

ലക്നൗ: ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനത്തിനിരയായ വഴിയോര കച്ചവടക്കാര്‍ പൊലീസിന്റെയും നാട്ടുകാരുടെയും പിന്തുണയോടെ വീണ്ടും കച്ചവടം തുടങ്ങി. 20 വര്‍ഷമായി വഴിയോരക്കച്ചവടം ചെയ്യുന്ന കശ്മീരികളായ അബ്ദുള്‍ സലാം നായിക് (35), അഫ്‌സല്‍ നായിക് (40) എന്നിവരെയാണ് വിശ്വഹിന്ദു ദള്‍ എന്ന സംഘടന  ക്രൂരമായി  ആക്രമിച്ചത്.

ലക്നൗവിലെ ഹസാൻ​ഘട്ടിലെ ദലീഘട്ട് പാലത്തിന് സമീപത്താണ് ഇവർ ഡ്രൈ ഫ്രൂട്സ്  കച്ചവടം ചെയ്യുന്നത്. സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷംമാണ് ഇരുവരും വീണ്ടും നഗരത്തിലെത്തിയത്.

കശ്മീരിലെ കുൽ​ഗ്രാം ജില്ലയിലെ ഹജ്പുരയിൽ നിന്നുള്ളവരാണ് ഇരുവരും. ഇരുവരും ലക്നൗ സന്ദർശിക്കാൻ തുടങ്ങിയിട്ട് 20 വർഷമായി.  ഇന്നലെ കച്ചവടം തുടങ്ങിയത് മുതൽ ആളുകളുടെ അടുത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്രമണത്തെ തുടർന്ന് ആദ്യമൊന്ന് പേടിച്ചെങ്കിലും പൊലീസിന്റേയും അധികാരികളുടേയും സമീപനം ധൈര്യം നൽകി. ഇപ്പോൾ തനിക്ക് ആരേയും പേടിയില്ലെന്നും അത് കൊണ്ടാണ് അതേ സ്ഥലം തന്നെ കച്ചവടത്തിനായി തെരഞ്ഞടുത്തതെന്നും അബ്ദുൾ സലാം നായിക് പറഞ്ഞു.

ലക്നൗവിൽ ബുധനാഴ്ചയായിരുന്നു സംഭവം. കാവി വേഷധാരികളായ ഒരു സംഘം ആളുകൾ ഡ്രൈഫ്രൂട്ട് വില്‍പ്പനക്കാരായ അബ്ദുൾ സലാമിനേയും അഫ്‌സലിനെയും ആക്രമിക്കുകയായിരുന്നു.. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തുടർന്ന് സംഘപരിവാര്‍ സംഘടനയായ വിശ്വ ഹിന്ദു ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

അബ്ദുൾ സലാമിനേയും അഫ്സലിനേയും അക്രമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കശ്മീരിലെ സഹോദരന്മാര്‍ക്കെതിരായ എല്ലാ ആക്രമണങ്ങളെയും ശക്തമായി എതിര്‍ക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അക്രമികളെ വെല്ലുവിളിച്ച ധൈര്യശാലികള്‍ക്ക് സല്യൂട്ട്. രാജ്യത്തിന്‍റെ ഓരോ മൂലയും പൗരന്മാരുടേതാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

While I’m disgusted by this video of Kashmiri traders being attacked in UP, I salute the braveheart who challenged the attackers. India belongs to its citizens, from every corner of our nation. I strongly condemn all acts of violence against our Kashmiri brothers & sisters. pic.twitter.com/xuNsnsX12K

— Rahul Gandhi (@RahulGandhi)

പ്രധാനമന്ത്രി നരേന്ദ്ര മേദിയും സംഭവത്തെ അപലപിച്ച് രം​ഗത്തെത്തി. ഭ്രാന്തന്‍മാരായ ആളുകളാണ് കശ്മീരി കച്ചവടക്കാരെ ആക്രമിച്ചത്. രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കേണ്ടത് സുപ്രധാന കാര്യമാണ്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും കശ്മീരി സഹോദരന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്‌നാഥ് സിങും കശ്മീരികള്‍ക്കെതിരായ അക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. 

     

click me!