ഭാരത് ജോഡോ യാത്രയിൽ വൻ ജനത്തിരക്ക്: തിക്കും തിരക്കിലും കെസി വേണുഗോപാൽ എംപിക്ക് നിലത്ത് വീണ് പരിക്കേറ്റു

By Web TeamFirst Published Nov 27, 2022, 10:16 PM IST
Highlights
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ ഇൻഡോറിൽ എത്തിയപ്പോൾ ഇന്ന് രാവിലെ ഉണ്ടായ അനിയന്ത്രിതമായ തിക്കിലും ജനത്തിരക്കിലും പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിക്ക് നിലത്ത് വീണ് പരിക്കേറ്റു.

ഇൻഡോർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ ഇൻഡോറിൽ എത്തിയപ്പോൾ ഇന്ന് രാവിലെ ഉണ്ടായ അനിയന്ത്രിതമായ തിക്കിലും ജനത്തിരക്കിലും പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിക്ക് നിലത്ത് വീണ് പരിക്കേറ്റു. തുടർന്ന് ക്യാമ്പിലെത്തി പ്രാഥമിക ശുശ്രൂഷകൾ ചെയ്ത ശേഷം അദ്ദേഹം വീണ്ടും യാത്രയുടെ ഭാഗമായി.

അതേസമയം, ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ലെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. യാത്രയുടെ മൂല്യത്തെ വില കുറച്ച് കാണിക്കരുത്. ആര് പ്രധാനമന്ത്രി ആകണമെന്ന് ജനം തീരുമാനിക്കും. രാജസ്ഥാൻ വിഷയം രമ്യമായി പരിഹരിക്കും. രാജസ്ഥാനിൽ  'കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനിൽ അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഇടയിലെ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കുന്ന ഈ മാസം 29ന് കെ സി വേണുഗോപാല്‍ സംസ്ഥാനത്തെത്തും. അതിനിടെ രാജസ്ഥാനിലെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച ചതിയന് മുഖ്യമന്ത്രിയാകാനാകില്ലെന്ന അശോക്  ഗെലോട്ടിന്‍റെ പരാമർശം കോണ്‍ഗ്രസിലെ തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്‍റെ സൂചന നല്‍കുന്നതാണ്. 

നിയമസഭ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം ശേഷിക്കെ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിപദത്തിനായുള്ള ചരടുവലികള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അശോക് ഗലോട്ട് തുറന്നടിച്ചത്. ഭാരത് ജോ‍ഡോ യാത്ര സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നത് തടയാനാണ്  നേതൃത്വത്തിന്‍റെ ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ തന്നെ വിഷയത്തില്‍ ഇടപെടുന്നത്  സോണിയ ഗാന്ധിയുടെ കൂടി നിലപാടറിഞ്ഞാണ്. 

Read more: ജോഡോ യാത്രയില്‍ പാക് അനുകൂല മുദ്രാവാക്യം' വ്യാജ വീഡിയോയുടെ പേരില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു

അധ്യക്ഷനാകുന്നതിന് മുന്‍പ് രാജസ്ഥാന്‍ വിഷയം പരിഹരിക്കാൻ നിയോഗിച്ച സംഘത്തില്‍ മല്ലികാർജ്ജുൻ ഖാർഗെയും ഉണ്ടായിരുന്നു. എന്നാല്‍ നിരീക്ഷകർ വിളിച്ച യോഗത്തിന് ഗോലോട്ട് പക്ഷ എംഎല്‍എമാർ എത്തുകപോലും ചെയ്യാതിരുന്നതോടെ ഖർ‍ഗെയ്ക്കും സംഘത്തിനും മടങ്ങേണ്ടി വന്നിരുന്നു. ഇതിന് ശേഷം ഇത് ആദ്യമായാണ് ഖർഗെ വിഷയത്തില്‍ ഇടപെടുന്നത്. എന്നാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ തർക്കമെന്ന വാർത്തകളെ  എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ തള്ളി .

click me!