
ദില്ലി: വളരെ വേഗത്തിൽ ഭക്ഷണമെത്തിച്ചതിന് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോക്കെതിരെ യുവാവ് കോടതിയിൽ പരാതി നൽകി. ഗുഡ്ഗാവ് സ്വദേശിയായ ഉപഭോക്താവായ 24 കാരൻ സൗരവ് മാലാണ് ദില്ലിയിലെ സാകേത് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 500 കിലോമീറ്റർ അകലെയുള്ള ലഖ്‌നൗവിലെ റസ്റ്റോറന്റിൽ നിന്നാണ് സൗരവ് കബാബ് ഓർഡർ ചെയ്തത്. എന്നാൽ കൃത്യം അരമണിക്കറിനുള്ളിൽ സൊമാറ്റോ കബാബ് ഡെലിവറി ചെയ്തു. 500 കിലോമീറ്റർ ദൂരത്ത് നിന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ കബാബ് എത്തിയെന്നാണ് യുവാവ് ചോദിക്കുന്നത്. സൊമാറ്റോ തന്നെ വഞ്ചിക്കുകയായിരുന്നെന്നും അന്യായമായ രീതിയാണ് സ്വീകരിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. സൊമാറ്റോയിൽ നിന്ന് ഭക്ഷണം വാങ്ങുന്ന ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയുമാണെന്നും യുവാവ് പറഞ്ഞു. പരാതിയിൽ കോടതി സോമാറ്റോക്ക് നോട്ടീസയച്ചു.
സൊമാറ്റോ ലെജൻഡ്‌സ് സബ്-സർവീസിന് കീഴിൽ സേവനം നൽകുമെന്ന ആപ്പിൻ്റെ വാഗ്ദാനം അനുസരിച്ച് ഉപഭോക്താക്കൾ അവർ താമസിക്കുന്ന നഗരത്തിന് പുറത്തുള്ള നഗരങ്ങളിൽ നിന്ന് വിഭവങ്ങൾ ഓർഡർ ചെയ്യാം. ഇതുവഴിയാണ് യുവാവ് കബാബ് ഓർഡർ ചെയ്തത്.
2023 ഒക്ടോബർ 14-ന് സൗരവ് നാല് വിഭവങ്ങൾ ഓർഡർ ചെയ്തു. മൂന്ന് വിഭവങ്ങൾ ഡൽഹിയിലെ കടകളിൽ നിന്നും ഒരെണ്ണം ലഖ്‌നൗവിൽ നിന്നുമാണ് ഓർഡർ ചെയ്തത്. ജമാ മസ്ജിദിൽ നിന്നുള്ള ചിക്കൻ കബാബ് റോൾ, കൈലാഷ് കോളനിയിൽ നിന്നുള്ള ട്രിപ്പിൾ ചോക്ലേറ്റ് ചീസ്, ജംഗ്പുരയിൽ നിന്നുള്ള വെജിറ്റേറിയൻ സാൻഡ്‌വിച്ച്, ലഖ്‌നൗവിൽ നിന്നുള്ള ഗലാട്ടി കബാബ് എന്നിവയായിരുന്നു വിഭവങ്ങൾ.
Read More... തൃപ്പൂണിത്തുറ സ്ഫോടനം; 4പേര്‍ കസ്റ്റഡിയിൽ, അമ്പല കമ്മിറ്റി ഭാരവാഹികള്‍ ഒളിവിൽ, കേസെടുത്ത് പൊലീസ്
ദില്ലിയിലെ പ്രശസ്തമായ റെസ്റ്റോറൻ്റുകളിൽ നിന്ന് ഗുഡ്ഗാവ്, നോയിഡയിലെ ഡെലിവറി ലൊക്കേഷനുകളിലേക്ക് 30 മിനിറ്റിനുള്ളിൽ സൊമാറ്റോയ്ക്ക് ഡെലിവറിചെയ്യാൻ കഴിയുന്നത് എങ്ങനെയെന്നത് വിശദീകരിക്കാനാകാത്തതാണ്. അതും ചൂടുള്ള ഭക്ഷണം. സോമാറ്റോ ഉപഭോക്താക്കളെ കബളിപ്പിക്കാൻ എന്തോ ചെയ്യുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു. എന്നാൽ ലഖ്നൗവിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണമടക്കം 30 മിനിറ്റിനുള്ളിൽ ഭക്ഷണം എത്തിച്ചു. പുറത്തെ പേപ്പർ ബാഗിൽ സൊമാറ്റോയുടെ ഇൻ്റർസിറ്റി ലെജൻഡ്‌സ് സബ് സർവീസ് പ്രദർശിപ്പിച്ചിരുന്നുവെന്നും യുവാവ് ആരോപിച്ചു. അഭിഭാഷകരായ ടിഷാംപതി സെൻ, അനുരാഗ് ആനന്ദ്, ബിയാങ്ക ഭാട്ടിയ എന്നിവർ സൗരവിന് വേണ്ടി ഹാജരായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam