രാഷ്ട്രപതിയുടെ റഫറൻസിൽ വാദം; ​'ഗവർണർ‌ ശത്രുതാ മനോഭാവത്തിൽ പ്രവർത്തിക്കരുത്, ബില്ലുകൾ റദ്ദാക്കുമ്പോൾ കാരണം പറയണം'; കേരളം സുപ്രീംകോടതിയിൽ

Published : Sep 09, 2025, 01:28 PM ISTUpdated : Sep 09, 2025, 08:36 PM IST
supreme court

Synopsis

ഗവർണർ ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും പാസാക്കുന്ന ബില്ലുകളെ കുറിച്ച് ഗവർണർക്ക് കൃത്യമായ ധാരണയുണ്ടെന്നും കേരളം വ്യക്തമാക്കി.

ദില്ലി: ഗവർണർമാർ ബില്ലുകൾ വൈകിപ്പിക്കുന്നതിൽ അതിരൂക്ഷ വിമർശനവുമായി കേരളം. ഗവർണർ സംസ്ഥാനത്തിന്‍റെ എതിരാളിയായല്ല ജനങ്ങളോട് ബാധ്യസ്ഥനായാണ് പ്രവർത്തിക്കേണ്ടതെന്ന് കേരളം സുപ്രീം കോടതിയിൽ വാദിച്ചു. ദന്തഗോപുരത്തിൽ ഇരുന്ന് മാസങ്ങളുടെ സാവകാശമെടുത്ത് ബില്ലുകൾ പരിശോധിക്കേണ്ട ആളല്ല ഗവർണറെന്നും കേരളം ആഞ്ഞടിച്ചു. ബില്ലുകളിൽ ന്യായമായ സമയത്ത് ഗവർണർമാർ തീരുമാനമെടുക്കണമെന്ന് കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു.

ബില്ലുകളിൽ തീരുമാനം എടുക്കുന്നത് വൈകിപ്പിക്കുന്ന ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ആദ്യം കോടതിയിലെത്തിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സമയപരിധിയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ റഫറൻസിൽ കേരളം ഉന്നയിച്ചതും കടുത്ത വിമർശനം. സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിയമപരമായി നിലനിൽക്കും. ഗവർണർ ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടത്.  ഗവർണർ നിയമനിർമ്മാണ സഭയുടെ ഭാഗമാണ്. സഭകൾ പാസാക്കുന്ന ബില്ലുകളെ കുറിച്ച് ഗവർണർക്ക് കൃത്യമായ ധാരണയുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛയ്ക്ക് ‌അനുസരിച്ച് വേണം ഗവർണർ പ്രവർത്തിക്കേണ്ടത്. ബില്ലുകൾ നിരാകരിച്ചാൽ അതിന്‍റെ കാരണവും പറയണം. നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ലെന്നും കേരളത്തിനായി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ വാദിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരിനോട് ഏറ്റുമുട്ടുന്നതെന്നും കെ.കെ വേണുഗോപാൽ പറഞ്ഞു. 

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്ന സമയത്ത് മന്ത്രിമാരുമായി ചർച്ച നടത്തിയത് കേരളം കോടതിയിൽ പരാമർശിച്ചു. മന്ത്രിമാരുമായി ബില്ലിനെ കുറിച്ച് സംസാരിച്ചതിനുശേഷം ബില്ല് തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. വാദത്തിനിടെ സംസ്ഥാന എജി കെ ഗോപാലകൃഷ്ണക്കുറുപ്പും സുപ്രീംകോടതിയിൽ എത്തിയിരുന്നു. ഭരണഘടന നൽകുന്ന അധികാരം അമിതമായി പ്രയോഗിക്കേണ്ടതല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് പിഎസ് നരസിംഹ നിരീക്ഷിച്ചു. എന്നാൽ കോടതികൾ ഈക്കാര്യത്തിൽ സമയപരിധി നിശ്ചയിക്കുന്നതിൽ ചില അപകടങ്ങൾ ഇല്ലേ എന്ന ചോദ്യവും ബെഞ്ചിൽ നിന്ന് ഇന്നുണ്ടായി. കേസിൽ നാളെയും വാദം തുടരും.

 

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ