പട്ടം, നനഞ്ഞ ചാക്ക്, ടൂത്ത് പേസ്റ്റ്, മുൾട്ടാനി മിട്ടി; കണ്ണീർവാതക പ്രയോഗത്തെ നേരിടാൻ സന്നാഹങ്ങളുമായി കർഷകർ

Published : Feb 15, 2024, 09:52 AM ISTUpdated : Feb 15, 2024, 10:33 AM IST
പട്ടം, നനഞ്ഞ ചാക്ക്, ടൂത്ത് പേസ്റ്റ്, മുൾട്ടാനി മിട്ടി; കണ്ണീർവാതക പ്രയോഗത്തെ നേരിടാൻ സന്നാഹങ്ങളുമായി കർഷകർ

Synopsis

ബാരിക്കേഡുകള്‍ തകർക്കാൻ ഗ്രാമങ്ങളിൽ നിന്നും ജെസിബി കൊണ്ടുവരുമെന്ന് കർഷകർ

ദില്ലി: താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള  കർഷക സമരം മൂന്നാം ദിവസവും തുടരുകയാണ്. ഇന്നത്തെ ചർച്ചയിൽ ആവശ്യങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന് കർഷകർ വ്യക്തമാക്കി. കർഷകരെ തടയാൻ അതിർത്തികളിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. അതേസമയം ബാരിക്കേഡുകള്‍ തകർക്കാൻ ഗ്രാമങ്ങളിൽ നിന്നും ജെസിബി കൊണ്ടുവരുമെന്നാണ് കർഷകരുടെ പ്രതികരണം.

പഞ്ചാബ് അതിർത്തിയിലുള്ള കർഷകർ ദില്ലിയിലേക്ക് മാർച്ച് തുടരാൻ ഇന്നും ശ്രമം നടത്തും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംഘർഷം ഉണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് മേഖല. കർഷകരുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. വൈകിട്ട് 5 മണിക്കാണ് ചർച്ച. ഇത് മൂന്നാം തവണയാണ് കർഷകരും സർക്കാരും തമ്മിൽ ചർച്ച നടത്തുന്നത്. സംയുക്ത കിസാൻ മോർച്ച, കിസാൻ സഭ ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്ത ഗ്രാമീണ ബന്ദ് നാളെയാണ്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസും നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

ക‌ർഷക സമരത്തെ നേരിടാന്‍ കേന്ദ്രസേനയും ഹരിയാന പൊലീസും സ‌‍ർവ്വ സന്നാഹങ്ങളും ഉപയോഗിക്കുമ്പോള്‍, ക‌ർഷക‌ർ അവരുടേതായ തന്ത്രങ്ങളുപയോഗിച്ചാണ് പ്രതിരോധിക്കുന്നത്. അതിർത്തികളില്‍ നിന്നും ക‍‌ർഷകരെ അകറ്റി നിർത്താന്‍ കണ്ണീർ വാതക പ്രയോഗമാണ് പ്രധാന ആയുധം. എന്നാല്‍ നനഞ്ഞ ചാക്കുകളാണ് സമരക്കാരുടെ പ്രതിരോധം. ചാക്കുകൾ നനയ്ക്കാനായി നിരവധി ടാങ്കറുകൾ ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് ഉള്‍പ്പെടെ സമരക്കാർക്ക് നേരെ തൊടുക്കുന്ന കണ്ണീ‌ർ വാതക ഷെല്ലുകൾ നനഞ്ഞ ചാക്കുകൊണ്ട് മൂടി തിരിച്ചെറിയും. കണ്ണീ‌ർ വാതക പ്രയോഗത്തെ ടൂത്ത് പേസ്റ്റും മുൾട്ടാനി മിട്ടിയും മുഖത്ത് തേച്ചും ക‌ർഷകർ പ്രതിരോധിക്കുന്നു. വെള്ളം സ്പ്രേ ചെയ്തും ഷെല്ലുകൾ നിർവീര്യമാക്കുന്നു.

ഡ്രോൺ ഉപയോഗിച്ചുള്ള കണ്ണീർ വാതക പ്രയോഗത്തെ പട്ടം പറത്തിയും പ്രതിരോധിക്കുന്നുണ്ട് കർഷകർ. ഡ്രോൺ വരുന്ന വഴികളില്‍ പട്ടം പറത്തി കുരുക്കിയിടാനാണ് ശ്രമം. കോൺക്രീറ്റ് ബാരിക്കേഡുകളും സിമന്‍റ് ബാരിക്കേഡുകളും മറികടക്കാന്‍ ട്രാക്ടറാണ് കർഷകരുടെ ആയുധം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളടക്കം ധരിച്ചാണ് ബാരിക്കേഡുകൾ മറികടക്കുന്നത്. വരും ദിവസങ്ങളില്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ജെസിബിയടക്കം ഗ്രാമങ്ങളില്‍ നിന്ന് എത്തിക്കുമെന്ന് സമരക്കാർ പറയുന്നു.

അതിനിടെ താങ്ങുവിലയുടെ കാര്യത്തിൽ പുതിയ കമ്മിറ്റിക്ക് നിർദ്ദേശം തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കർഷകർക്ക് കൂടുതൽ പ്രാതിനിധ്യം നല്‍കാമെന്ന ഉറപ്പ് കർഷകരുമായുള്ള ചർച്ചയില്‍ മുന്നോട്ടു വയ്ക്കും. സമരം നീളുന്നത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി എംപിമാർ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്