'കൊളത്തൂർ എംഎൽഎയുടെ ആരോഗ്യസ്ഥിതിയെന്ത് ?', വിഎസ് ബാബുവിന്‍റെ ആശുപത്രിവാസത്തിൽ വ്യക്തത തേടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി; അഭ്യൂഹങ്ങൾ ശക്തമാകുന്നു

Published : Nov 18, 2026, 03:58 PM IST
kolathur mla vs babu health condition petition filed in madras high court

Synopsis

ടി.വി.കെ എം.എൽ.എ വി.എസ്. ബാബുവിന്‍റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ അട്ടിമറി സൃഷ്ടിച്ച് എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തി കൊളത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ടി.വി.കെ (തമിഴക വെട്രി കഴകം) എം.എൽ.എ വി.എസ്. ബാബുവിന്‍റെ (75) ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. കൊളത്തൂർ മണ്ഡലത്തിലെ സെമ്പിയം സ്വദേശിയും വോട്ടറുമായ ജി. ദേവരാജനാണ് കോടതിയെ സമീപിച്ചത്. രണ്ട് മാസത്തിലേറെയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജനപ്രതിനിധിയുടെ യഥാർത്ഥ ആരോഗ്യസ്ഥിതി അറിയാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എം.എൽ.എയുടെ സ്വകാര്യതയെയോ അന്തസ്സിനെയോ ബാധിക്കുന്ന രഹസ്യ മെഡിക്കൽ രേഖകൾ പരസ്യപ്പെടുത്തണമെന്നല്ല, മറിച്ച് നിയമപരമായി പുറത്തുവിടാൻ കഴിയുന്ന ഔദ്യോഗിക ആരോഗ്യ വിവരങ്ങൾ (മെഡിക്കൽ ബുള്ളറ്റിൻ) പ്രസിദ്ധീകരിക്കാൻ നിർദ്ദേശിക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.

ഇതോടൊപ്പം, എം.എൽ.എ ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ കൊളത്തൂർ മണ്ഡലത്തിലെ ജനങ്ങളുടെ പരാതികളും വികസന ആവശ്യങ്ങളും തടസ്സമില്ലാതെ പരിഹരിക്കുന്നതിന് ബദൽ ഭരണസംവിധാനം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ അധികൃതർക്ക് നിവേദനം നൽകിയിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

ആശുപത്രിവാസവും അഭ്യൂഹങ്ങളും

കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് 2026 സെപ്റ്റംബർ 9-നാണ് വി.എസ്. ബാബുവിനെ ചെന്നൈ അമിഞ്ചിക്കരയിലെ എം.ജി.എം ഹെൽത്ത്‌കെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ—സെപ്റ്റംബർ 10, 15, 17, 19, 22 തീയതികളിൽ—ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനുകൾ പുറത്തിറക്കിയിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നുമായിരുന്നു അന്ന് അറിയിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ 22-ന് ശേഷം ഇതുവരെ ആശുപത്രിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിനുകളൊന്നും പുറത്തുവന്നിട്ടില്ല.

ആഴ്ചകളായി ഔദ്യോഗിക അറിയിപ്പുകളില്ലാത്തത് സമൂഹമാധ്യമങ്ങളിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എം.എൽ.എ ആശുപത്രി വിട്ടെന്നും അതല്ല ആരോഗ്യനില അതീവ ഗുരുതരമാണെന്നുമുള്ള തരത്തിൽ വിവിധ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, ബാബു ആശുപത്രി വിട്ടെന്ന പ്രചാരണങ്ങൾ തള്ളി തമിഴ്‌നാട് ആരോഗ്യമന്ത്രി കെ.വി.എസ്. അരുൺരാജ് നവംബർ 6-ന് രംഗത്തെത്തിയിരുന്നു. വി.എസ്. ബാബു ഇപ്പോഴും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

രാഷ്ട്രീയ പശ്ചാത്തലവും മുഖ്യമന്ത്രി വിജയ്‌യുടെ കൊളത്തൂർ സന്ദർശനവും

2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്‍റെ സിറ്റിംഗ് മണ്ഡലമായ കൊളത്തൂരിൽ അട്ടിമറിച്ചാണ് വി.എസ്. ബാബു ശ്രദ്ധേയനായത്. 2011 മുതൽ സ്റ്റാലിൻ തുടർച്ചയായി വിജയിച്ചിരുന്ന മണ്ഡലത്തിൽ സ്റ്റാലിനെ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. അതേസമയം, ശിശുദിനത്തോടനുബന്ധിച്ച് തമിഴ്‌നാട് സർക്കാർ സംസ്ഥാനത്തെ 61.84 ലക്ഷം സർക്കാർ-എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് കേക്കും ആശംസാ കാർഡുകളും സമ്മാനമായി നൽകുന്ന 9.27 കോടി രൂപയുടെ പദ്ധതി മുഖ്യമന്ത്രിയും ടി.വി.കെ അധ്യക്ഷനുമായ വിജയ് ഉദ്ഘാടനം ചെയ്തതും കൊളത്തൂരിലായിരുന്നു. നവംബർ 13-ന് കൊളത്തൂരിലെ സർക്കാർ സ്കൂളിൽ നടന്ന ചടങ്ങിൽ വിജയ് നേരിട്ടെത്തി കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തിരുന്നു. വി.എസ്. ബാബു ആശുപത്രിയിൽ തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ കൊളത്തൂർ സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപ് നോക്കി നില്‍ക്കെ മോദിയുടെ അപ്രതീക്ഷിത നീക്കം, സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി
നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കാളി; 15 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ലഷ്‌കറെ ഭീകരൻ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാ സേന