വിളക്കണയ്ക്കാനുള്ള മോദിയുടെ ആഹ്വാനം വൈദ്യുതി വിതരണത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക

By Web TeamFirst Published Apr 4, 2020, 5:11 PM IST
Highlights

എല്ലാ ലൈറ്റുകളും ഒന്നിച്ച് അണക്കുകയോ തെളിക്കുകയോ ചെയ്യരുതെന്ന് കെഎസ്ഇബി 

ദില്ലി: ആരോഗ്യപ്രവർത്തകരോടുള്ള ആദരസൂചകമായി ഒൻപത് മിനിറ്റ് ലൈറ്റ് അണച്ചിടണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വൈദ്യുത വിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാകുന്നു. മുൻകരുതൽ എന്ന നിലയിൽ വിളക്കണക്കൽ സമയമായ 9 മണിക്ക് മുൻപ് തന്നെ ജലവൈദ്യുതിപദ്ധതികളുടെ ഉത്പാദനം താല്ക്കാലികമായി നിർത്തി വയ്ക്കാൻ കെഎസ്ഇബി തീരുമാനിച്ചു. എല്ലാ ലൈറ്റുകളും ഒന്നിച്ച് അണയ്ക്കരുതെന്നും കെഎസ്ഇബി പൊതുജനങ്ങൾക്ക് നിർദേശം നൽകുന്നു.

അതേസമയം ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കുമിടയിൽ പ്രധാനമന്ത്രിയുടെ വിളയ്ക്കണക്കൽ ആഹ്വാനത്തിൽ വ്യക്തത വരുത്തി കേന്ദ്ര ഊർജ മന്ത്രാലയം രംഗത്തെത്തി. വഴി വിളക്കുകൾ അടയ്ക്കേണ്ടതില്ലെന്നും പൊതുസുരക്ഷ മുൻനിർത്തി വഴിവിളക്കുകളെല്ലാം ഓൺ ചെയ്യണമെന്നും കേന്ദ്ര ഊർജമന്ത്രാലയം നിർദേശിച്ചു.  ​ലൈറ്റുകൾ അല്ലാതെ മറ്റു ​ഗൃഹോപകരണങ്ങളുടെ പ്രവർത്തനം നിർത്തേണ്ടതില്ലെന്നും ഊർജമന്ത്രാലയം വ്യക്തമാകുന്നു. ഒരുമിച്ചു ലൈറ്റ് ഓഫ്‌ ചെയ്യുന്നത് ഗ്രിഡ് ൽ പ്രതിസന്ധി ഉണ്ടാക്കും എന്ന വാദം വൈദ്യുതി മന്ത്രാലയം തള്ളി. രാജ്യത്ത് എല്ലായിടത്തും ഒരുമിച്ച് ലൈറ്റുകൾ ഓഫ് ചെയ്യുന്നത് വൈദ്യുതി വിതരണത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും മന്ത്രാലയം തള്ളിക്കളയുന്നു. 

കോവിഡ് പ്രതിരോധപ്രവർത്തനത്തിന് പിന്തുണയുമായി നാളെ രാത്രി 9 മണിക്ക്  9 മിനിട്ട് വിളക്കണച്ച് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. എന്നാൽ ഒരു സമയം എല്ലാവരും ലൈറ്റ് അണയ്ക്കുമ്പോൾ പവർഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കും. രാജ്യം മുഴുവൻ ഒരു ഗ്രിഡിലാണ് വൈദ്യുതി വിതരണം. ഇപ്പോൾ വ്യവാസായ വാണിജ്യസ്ഥാപനങ്ങളൊന്നും  പ്രവർത്തിക്കുന്നില്ല. അതായത് മൊത്തം ലോഡിന്റെ 40 ശതമാനം ഉപയോഗിക്കുന്നില്ല.

ലൈറ്റുകൾ ഒന്നിച്ച് ഓഫ് ചെയ്താൽ അത്  വൈദ്യുതി തകരാറിലേക്ക് നയിക്കും. ലോഡ്ഷെഡിംഗിന് ചെയ്യുന്നത് പോലെ ചില സ്ഥലങ്ങളിൽ ലോഡ് കുറയ്ക്കുയും ചെയ്യും.  എല്ലാ ലൈറ്റുകളും ഒരുമിച്ച്  ഓഫ് ചെയ്യരുതെന്നാണ് കെഎസ്ഇബിയുടെ നിർദ്ദേശം. എസികൾ ഫ്രിഡ്ജുകൾ എന്നിവ ഈ സമയത്ത്  ഓഫ് ചെയ്യരുത്. 9 മിനിട്ടിന് ശേഷം ലൈറ്റുകൾ ഒന്നിച്ച് ഓൺ ചെയ്യരുതെന്നും വൈദ്യുതി ബോർഡ് നിർദ്ദേശിക്കുന്നു. 
 

click me!