
ലക്നൗ: ഉന്നാവ് പീഡന കേസിലെ കുറ്റവാളി കുൽദീപ് സിംഗ് സെംഗാര്‍ എംഎൽഎയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തു. കേസിൽ സെംഗാറിനെ ജീവിപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഉത്തർപ്രദേശിലെ ബംഗർമാരു മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് കുൽദീപ് സിംഗ് സെംഗാർ. ഡിസംബർ 20 മുതൽ സെംഗാറിനെ അയോഗ്യനാക്കിയത് പ്രാബല്യത്തിൽ വന്നതായും യുപി നിയമസഭ ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ജോലികിട്ടാൻ സഹായം തേടിയെത്തിയ പെൺകുട്ടിയെ സെംഗാർ ഉന്നാവിലെ വസതിയിൽ വച്ച് ബലാൽസംഗം ചെയ്തു എന്നാണ് കേസ്.
2017ൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിയിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് കേസ് ദേശീയ ശ്രദ്ധ നേടിയത്. കള്ളക്കേസിൽ കുടുങ്ങിയ പെൺകുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ ഇരിക്കെ മർദ്ദനത്തിൽ മരിച്ചു. കഴിഞ്ഞ വർഷം പെൺകുട്ടി വാഹനാപകടത്തിൽ ഗുരുതര അവസ്ഥയിലായതോടെ സുപ്രീംകോടതി ഇടപെട്ട് കേസ് ദില്ലിയിലേക്ക് മാറ്റി. ജനപ്രതിനിധി എന്ന നിലയ്ക്ക് ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർത്തെന്നും ഇരയേയും കുടുംബത്തേയും അധികാരം ഉപയോഗിച്ച് വേട്ടയാടിയെന്നും ചൂണ്ടിക്കാട്ടിയ കോടതി സെംഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam