
ദില്ലി: ഹാസ്യകലാകാരന്‍ കുനാല്‍ കമ്രയ്ക്ക് വിമാനത്തില്‍ യാത്ര അനുവദിച്ച് വിസ്താര എയര്‍ലൈന്‍സ്. കുനാല്‍ തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിമാനതാവളത്തില്‍ വിസ്താരയുടെ ചെക്കിംഗ് കൗണ്ടറിന് അടുത്ത് വിജയ ചിഹ്നം കാണിച്ച് നില്‍ക്കുന്ന ഫോട്ടോ കുനാല്‍ ട്വീറ്റ് ചെയ്തു. എന്‍റെ വിമാനതാവളം എല്ലാ നന്ദിയും വിസ്താര എയര്‍ലൈനിന് എന്നാണ് കുനാല്‍ ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ വാരം ഇന്‍റിഗോ വിമാനത്തില്‍ വച്ച് റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയോട് മോശമായി പെരുമാറി എന്ന പേരില്‍ കുനാലിന് ഇന്‍റിഗോ അടക്കം നാല് എയര്‍ലൈനുകള്‍ യാത്ര വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി മാത്രമേ തീരുമാനം എടുക്കൂ എന്നാണ് വിസ്താരയും, എയര്‍ ഏഷ്യയും അറിയിച്ചത്. അന്വേഷണത്തിന് ശേഷം കുനാലിന് വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് വിസ്താര കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഇന്‍റിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ ആറ് മാസത്തെ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി കുനാൽ കമ്ര രംഗത്ത് എത്തിയിട്ടുണ്ട്. വിമാനയാത്ര വിലക്കിനെതിരെ കുനാൽ കമ്ര ഇൻഡിഗോ എയർലൈൻസിനു വക്കീൽ നോട്ടീസ് അയച്ചു
25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നാവശ്യം യാത്ര വിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും കമ്പനിയോട് കമ്ര നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ഇന്‍റിഗോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവരും കുനാലിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ കുനാല്‍ കമ്രയെ പിന്തുണച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇതില്‍ അന്ന് ഇന്‍റിഗോ വിമാനം പറത്തിയ പൈലറ്റും ഉള്‍പ്പെടും.
കുനാല്‍ കംറയെ വിലക്കിയതിനെതിരെ വിമാനക്കമ്പനിക്ക്, കുനാലും അര്‍ണബും സംഭവ സമയം യാത്ര ചെയ്ത വിമാനത്തിലെ പൈലറ്റായിരുന്ന ക്യാപ്റ്റന്‍ രോഹിത് മതേതി കത്ത് നല്‍കിയിരുന്നു. കുനാലിനെ പിന്തുണയ്ക്കുന്നതും ഇന്‍റിഗോയുടെ നടപടിയെ തള്ളുന്നതുമാണ് ആ കത്ത്. ഇതില്‍ ക്യാപ്റ്റന് നന്ദി അറിയിച്ചിരിക്കുകയാണ് കുനാല്‍ ഇപ്പോള്‍. 'ക്യാപ്റ്റന്‍ രോഹിത്ത് മതേതിയെ അഭിവാദ്യം ചെയ്യുന്നു'വെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
നേരത്തെ കുനാല്‍ കമ്രക്ക് പിന്തുണയുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. 2017ല്‍ കേന്ദ്രം കൊണ്ടുവന്ന യാത്രക്കാരെ വിലക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം ഏത് കമ്പനിയുടെ യാത്രവിമാനത്തിലും മോശമായി പെരുമാറുന്ന യാത്രക്കാരനെ മറ്റ് എയര്‍ലൈനുകള്‍ക്ക് വിശദമായ അന്വേഷണം നടത്തി വിലക്കാം എന്ന് പറയുന്നുണ്ട്. അത് പ്രകാരമാണ് കുനാലിനെ എയര്‍ ഇന്ത്യയും മറ്റ് എയര്‍ലൈനുകളും വിലക്കിയത് എന്നാണ് വ്യോമയാന വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം. ഈ വിശദീകരണത്തെ പൊളിക്കുന്നതാണ് വിസ്താരയുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam