
മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വച്ച് അപമാനിച്ചുവെന്ന് ആരോപിച്ച് സ്റ്റാന്‍റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കംറയെ എയര്‍ ഇന്ത്യ വിമാനവും ഇന്‍റിഗോ വിമാനവും വിലക്കിയത് വലിയ വിവാദമായിരിക്കുകയാണ്. കുനാല്‍ കംറയെ പിന്തുണച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇതില്‍ അന്ന് ഇന്‍റിഗോ വിമാനം പറത്തിയ പൈലറ്റും ഉള്‍പ്പെടും.
കുനാല്‍ കംറയെ വിലക്കിയതിനെതിരെ വിമാനക്കമ്പനിക്ക്, കുനാലും അര്‍ണബും സംഭവ സമയം യാത്ര ചെയ്ത വിമാനത്തിലെ പൈലറ്റായിരുന്ന ക്യാപ്റ്റന്‍ രോഹിത് മതേതി കത്ത് നല്‍കിയിരുന്നു. കുനാലിനെ പിന്തുണയ്ക്കുന്നതും ഇന്‍റിഗോയുടെ നടപടിയെ തള്ളുന്നതുമാണ് ആ കത്ത്. ഇതില്‍ ക്യാപ്റ്റന് നന്ദി അറിയിച്ചിരിക്കുകയാണ് കുനാല്‍ ഇപ്പോള്‍. 'ക്യാപ്റ്റന്‍ രോഹിത്ത് മതേതിയെ അഭിവാദ്യം ചെയ്യുന്നു'വെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
വിമാനക്കമ്പനി മാനേജ്മെന്‍റ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പ്രതികരണത്തിന്‍റെ ഭാഗമായാണ് നടപടിയെടുത്തതെന്ന് അടിവരയിടുന്നതാണ് ക്യാപ്റ്റന്‍റെ പ്രതികരണം. 'എന്‍റെ 9 വര്‍ഷത്തെ വിമാനം പറത്തലില്‍ ഇതുവരെയുണ്ടായിട്ടില്ലാത്ത സംഭവമാണ്' അദ്ദേഹം എഴുതി. കുനാലിന്‍റെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിലും അച്ചടക്കമില്ലാത്ത യാത്രക്കാരനെന്ന ഗണത്തില്‍ അദ്ദേഹത്തെപ്പെടുത്താനാകില്ല. വിമാനത്തിന്‍റെ പ്രധാന പൈലറ്റായ തന്നോട് കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് നടപടിയെടുത്തതെന്നും ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ യാത്രാവിലക്കുണ്ടാവുമെന്നാണ് എയര്‍ ഇന്ത്യ ട്വിറ്ററില്‍ വിശദമാക്കിയത്. വിമാനങ്ങളില്‍ ഇത്തരം നടപടികള്‍ ഉണ്ടാവുന്നത് നിരുല്‍സാഹപ്പെടുത്തുന്നതിനാണ് നടപടിയെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്. മുംബൈയിൽ നിന്നും ലക്നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
'നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണം' എന്നായിരുന്നു കുനാൽ കംറയുടെ ചോദ്യം. ഇൻഡിഗോയുടെ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള യാത്രക്കാർക്ക് എതിരെ സമാനമായ നടപടി എടുക്കണമെന്ന് മറ്റ് എയർലൈൻസുകളോട് ആവശ്യപ്പെടുന്നതായി മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam