ലഖിംപുർ ഖേരി: കർഷകർക്ക് മേൽ വാഹനമോടിച്ച് കയറ്റുന്ന വ്യക്തമായ ദൃശ്യങ്ങൾ പുറത്ത്, കേസ് സുപ്രീംകോടതി പരിഗണിക്കും

By Web TeamFirst Published Oct 7, 2021, 6:52 AM IST
Highlights

പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നും ഇല്ലാതെ തന്നെ കർഷകർക്ക് മേൽ വാഹനമോടിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കർഷകർ കല്ലെറിഞ്ഞപ്പോൾ വാഹനം നിയന്ത്രണം വിട്ടതെന്ന ആരോപണം പൊളിക്കുന്നതാണ് പുതിയതായി പുറത്ത് വന്ന ദൃശ്യങ്ങൾ. 

ദില്ലി: ലഖിംപുർ ഖേരിയിൽ  (Lakhimpur Kheri) കർഷകർക്ക്  ( farmers)മേൽ വാഹനമോടിച്ച് കയറ്റുന്ന കൂടുതൽ വ്യക്തമായ ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നും ഇല്ലാതെ നടന്ന് പോകുന്ന കർഷകർക്ക് മേൽ വാഹനമോടിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതിവേഗത്തിലെത്തുന്ന വാഹനം കർഷകർക്കിടയിലൂടെ ആളുകളെ ഇടിച്ച് തെറുപ്പിച്ച് മുന്നോട്ട് പോകുന്ന അതിഭീകര ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കർഷകർ കല്ലെറിഞ്ഞപ്പോൾ വാഹനം നിയന്ത്രണം വിട്ടതെന്ന ആരോപണം പൊളിക്കുന്നതാണ് പുതിയതായി പുറത്ത് വന്ന ദൃശ്യങ്ങൾ. ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും സന്ദർശിച്ചു. 

അതിനിടെ സംഘർഷത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സുര്യകാന്ത്, ഹിമ കോഹ്ലി എന്നിവർ ഉൾപ്പെട്ട ബഞ്ചാകും കേസ് പരിഗണിക്കുക. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുപിയിലെ രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്ത് നല്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കേസെടുത്തത്. യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. എന്നാൽ കേന്ദ്രമന്ത്രിയുടെ മകനെതിരെ നടപടി വൈകുന്നു എന്ന് കർഷക സംഘടനകൾ ആരോപിക്കുമ്പോഴാണ് സുപ്രീംകോടതിയിൽ കേസ് വരുന്നത്. കേന്ദ്രമന്ത്രിക്കെതിരെ കോടതിയുടെ പരാമർശം വന്നാൽ കേന്ദ്രം സമ്മർദ്ദത്തിലാകും. 

click me!