
കവരത്തി: പുതിയ നിയമപരിഷ്കാരങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും ജില്ലാപഞ്ചായത്തും തുറന്ന പോരിൽ. വകുപ്പ് സെക്രട്ടറി എ ടി ദാമോദർ അമിതാധികാരം ഉപയോഗിക്കുന്നു എന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി ഹസ്സന്‍ കത്തയച്ചു. അഡിമിനിസ്ട്രേഷന് എതിരെ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് അഡ്മിനിസ്ട്രേഷനെതിരെ പ്രത്യക്ഷ പോരുമായി ജില്ലാപഞ്ചായത്തും രംഗത്തെത്തിയിരിക്കുന്നത്.
ജില്ല പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള അധികാരങ്ങൾ അഡ്മിനിസ്ട്രേഷൻ ഏറ്റെടുത്തത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് വകുപ്പ് സെക്രട്ടറി എടി ദാമോദറിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബി ഹസ്സൻ കത്തയച്ചു. ജില്ലാ പഞ്ചായത്തിന് കീഴിലെ അധികാരങ്ങൾ അഡ്മിനിസ്ട്രേഷൻ ഏറ്റെടുക്കണമെങ്കിൽ ഇക്കാര്യം കാണിച്ച് വിഞ്ജാപനം പുറപ്പെടുവിക്കുകയും അതിന് കേന്ദ്രസർക്കാരിന്റെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിക്കുകയും വേണമെന്ന് കാണിച്ചാണ് കത്ത്. ഇതിന് മുമ്പ് വകുപ്പുകൾ ഏറ്റെടുത്ത് സെക്രട്ടറി ഉത്തരവുകളിറക്കുന്നത് ശരിയല്ലെന്നും കത്തിൽ പറയുന്നു.
വികസന പദ്ധതികളും നിയമപരിഷ്കാരങ്ങളും നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടാണ് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയത്. അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിലും കളക്ടർ അസ്കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്. ഇതിനിടെ തീരപ്രദേശത്തെ സുരക്ഷ ലെവൽ രണ്ട് ആക്കി വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉത്തരവിറക്കി. ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് നടപടി.
സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ നിരീക്ഷിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ആളുകൾ കൂട്ടം ചേർന്ന് പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നത് തടയാനാണ് ശ്രമം. പുത്തൻ പരിഷ്കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ വൈകിട്ട് നാല് മണിക്ക് വീണ്ടും സർവകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കാനാണ് ആലോചന. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം. പ്രഫുൽ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ദില്ലിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam