ലക്ഷദ്വീപിൽ നാളെ ജനകീയ നിരാഹാര സമരം; വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം, പണിമുടക്കിനും ആഹ്വാനം

By Web TeamFirst Published Jun 6, 2021, 10:30 PM IST
Highlights

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളിൽ പ്രതിഷേധിച്ചാണ് ലക്ഷദ്വീപിൽ നാളെ ജനകീയ നിരാഹാര സമരം നടത്തുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂർ നിരാഹാരം. 

കവരത്തി: ലക്ഷദ്വീപിൽ നാളെ ജനകീയ നിരാഹാര സമരം. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും തീരുമാനമായി. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ അടച്ചിടും. പണിമുടക്കിനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. അതേസമയം, നിരാഹാര സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രമേഹം പോലുള്ള രോഗങ്ങളുള്ളവർക്ക് അടിയന്തര ചികിത്സ വേണ്ടി വന്നാൽ സംവിധാനമൊരുക്കണമെന്നാണ് നിര്‍ദ്ദേശം. മുൻകരുതലുണ്ടാകണമെന്ന് ഓരോ ദ്വീപിലെയും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നല്‍കി.

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളിൽ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂർ നിരാഹാരം സംഘടിപ്പിക്കുന്നത്. മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചു. ദ്വീപിലെ ബിജെപി നേതൃത്വത്തിന്റെ പിന്തുണയും സമരത്തിനുണ്ട്.

അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു. സംഘടിത പ്രതിഷേധം മുന്നിൽ കണ്ട് ലക്ഷദ്വീപിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ദ്വീപിലേക്ക് പുറത്ത് നിന്ന് ആളുകളെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയാൽ ഉടൻ  കസ്റ്റഡിയിലെടുക്കാനാണ് നിർദേശം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!