
വഡോദര: ഗുജറാത്തിലെ വഡോദരയിൽ വിശ്വാമിത്രി നദിയിലെ കാലാ ഘോഡ മേഖലയിൽ കണ്ടെത്തിയ മുതലയുടെ വായിൽ സ്ത്രീയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നദി തീരത്ത് എത്തിയവരാണ് മുതലയുടെ വായിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഒന്നര മണിക്കൂറോളം നേരം മുതലയെ പിന്തുടർന്ന അഗ്നിരക്ഷാ സേന മൃതദേഹഭാഗങ്ങൾ മുതലയുടെ വായിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. നാട്ടുകാർ നൽകിയ വിവരം അനുസരിച്ചാണ് അഗ്നിരക്ഷാ സേന ഇവിടെയെത്തിയത്.
അഗ്നിരക്ഷാസേന പിന്തുടർന്നപ്പോൾ മുതല നദിയിലെ മുതലകൾക്കിടയിലേക്ക് നീന്തി ഇറങ്ങിയിരുന്നു. അൻപത് വയസോളം പ്രായമുള്ള സ്ത്രീയുടെ മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇത് ആരുടേതാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. രാവിലെ നദിക്കരയിലെത്തിയവരാണ് വായിൽ സ്ത്രീയുടെ മൃതദേഹഭാഗങ്ങളുമായി നദിയിൽ നീന്തുന്ന മുതലയെ കണ്ടെത്തുന്നത്.
മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാം സ്ത്രീയെന്ന നിരീക്ഷണത്തിലാണ് അധികൃതരുള്ളത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ എം സിതാപരയുടെ നേതൃത്വത്തിലുള്ള വഡോദര ഫയർ ആൻഡ് എമർജൻസി സർവ്വീസാണ് അതിസാഹസികമായി മൃതദേഹം വീണ്ടെടുത്തത്. മൃതദേഹ ഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും റിപ്പോർട്ട് ലഭ്യമായാൽ മാത്രമാണ് മരണകാരണം വ്യക്തമാകൂവെന്നുമാണ് അധികൃതർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam