സൗദി രാജകുമാരന്‍റെ സമ്മാനമായ ചീറ്റപ്പുലി ചത്തു; 'അബ്ദുള്ള'യുടെ മരണകാരണം ഹൃദയാഘാതം

By Web TeamFirst Published Mar 28, 2023, 12:10 PM IST
Highlights

നെഹ്റു സൂവോളജിക്കല്‍ പാര്‍ക്കിനാണ് സൌദി രാജകുമാരന്‍ രണ്ട് ചീറ്റപ്പുലികളെ സമ്മാനം നല്‍കിയിരുന്നത്. ഇതിലെ അവശേഷിക്കുന്ന ചീറ്റപ്പുലിയായ അബ്ദുള്ളയാണ് ഹൃദയാഘാതം മൂലം ചത്തത്.

ഹൈദരബാദ്: ഹൈദരബാദിലെ മൃഗശാലയ്ക്ക് സൗദിയിലെ രാജകുമാരന്‍ ബന്ദാര്‍ ബിന്‍ സൗദ് ബിന്‍ മൊഹമ്മദ് അല്‍ സൗദ് ഒരു ദശാബ്ദത്തിന് മുന്‍പ് സമ്മാനമായി നല്‍കിയ അവസാന ചീറ്റയും ചത്തു. നെഹ്റു സൂവോളജിക്കല്‍ പാര്‍ക്കിനാണ് സൌദി രാജകുമാരന്‍ രണ്ട് ചീറ്റപ്പുലികളെ സമ്മാനം നല്‍കിയിരുന്നത്. ഇതിലെ അവശേഷിക്കുന്ന ചീറ്റപ്പുലിയായ അബ്ദുള്ളയാണ് ഹൃദയാഘാതം മൂലം ചത്തത്. അബ്ദുള്ളയ്ക്ക് പതിമൂന്ന് വയസ് പ്രായമുണ്ടെന്നാണ് കണക്ക്. 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഹൃദയാഘാതമാണ് ചീറ്റപ്പുലിയുടെ മരണകാരണമെന്നാണ് വ്യക്തമായതെന്ന് മൃഗശാല അധികൃതരും വിശദമാക്കി. വെള്ളിയാഴ്ച വൈകുന്നേരം 3.30നും 4 മണിക്കും ഇടയിലായിരുന്നു അബ്ദുള്ള പ്രഭാത ഭക്ഷണം കഴിച്ചത്. ഹൃദയാരോഗ്യ തകരാറുള്ളതിന്‍റെ ലക്ഷണങ്ങള്‍ അബ്ദുള്ള നേരത്തെ കാണിച്ചിരുന്നില്ലെന്നാണ് വെറ്റിനറി ഡോക്ടറും വിശദമാക്കുന്നത്. തീറ്റയെടുക്കാനുള്ള മൃഗശാല സൂക്ഷിപ്പുകാരന്‍റെ വിളിയോട് പ്രതികരിക്കാതെ വന്നതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചീറ്റപ്പുലി ചത്തതായി കണ്ടെത്തിയത്. 

രണ്ട് ചീറ്റുപ്പുലികളും രണ്ട് ആഫ്രിക്കന്‍ സിംഹങ്ങളേയും 2013ലാണ് സൗദി രാജകുമാരന്‍ 2012ലെ സന്ദര്‍ശന സമയത്ത് നല്‍കിയ വാഗ്ദാനം അനുസരിച്ച് ഹൈദരബാദിലെ മൃഗശാലയ്ക്ക് നല്‍കിയത്. ജൈവ വൈവിധ്യത്തിനായുള്ള യുഎന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമ്പോഴായിരുന്നു ചീറ്റകളേയും സിംഹങ്ങളേയും നല്‍കാമെന്ന് സൗദി രാജകുമാരന്‍ വിശദമാക്കിയത്. 

2020ലാണ് അബ്ദുള്ളയുടെ പങ്കാളിയായിരുന്ന ഹിബ ചത്തത്. എട്ടാം വയസിലായിരുന്നു ഇത്. ദീര്‍ഘകാലമായി കാലിനുണ്ടായ അസുഖത്തിന് പിന്നാലെയായിരുന്നു ഇത്. അബ്ദുള്ളയുടെ പെട്ടന്നുള്ള വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഹൈദരബാദിലെ മൃഗശാല അധികൃതരും അബ്ദുള്ളയുടെ ആരാധകരും.  കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ ആഫ്രിക്കയിലെ നമിബിയയിൽ നിന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുവന്ന എട്ട് ചീറ്റപ്പുലികളിലൊന്നായ സാഷ ഇന്ന് ചത്തിരുന്നു. വൃക്ക സംബന്ധിയായ തകരാറാണ് സാഷയുടെ മരണത്തിന് കാരണമെന്നാണ് സൂചന.   

ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റ സാഷ ചത്തു

click me!