
ദില്ലി: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നൽകുകയും തുടര്‍ന്ന് പിടിച്ചുപറി കേസില്‍ അറസ്റ്റിലാവുകയും ചെയ്ത നിയമവിദ്യാർഥിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസില്‍ പെൺകുട്ടിയെ ഇന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദിന്‍റെ പരാതിയിൽ ചോദ്യം ചെയ്യാനായി രാവിലെ പെൺകുട്ടിയെ പ്രത്യേക അന്വേഷണം സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. പെൺകുട്ടി പണം ആവശ്യപ്പെട്ട് സ്വാമിക്ക് അയച്ച സന്ദേശങ്ങളും ഫോൺ കോളുകളും ശേഖരിച്ചിട്ടുണ്ട്. പെൺകുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനെതിരെയുള്ള എല്ലാ ആരോപണങ്ങളും വ്യാജമാണെന്നും അന്വേഷണ സംഘം പറയുന്നു. അറസ്റ്റ് ചെയ്ത പെൺകുട്ടിയെ ഷാജഹാൻപൂരിലെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Also :മുൻകേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരെ പരാതി നൽകിയ പെൺകുട്ടി കസ്റ്റഡിയിൽ
ഇന്നലെ പെൺകുട്ടിയെ കസ്റ്റഡിയിൽ എടുക്കാൻ അന്വേഷണസംഘം ശ്രമം നടത്തിയിരുന്നു. എന്നാൽ മൂൻകൂർ ജ്യാമപേക്ഷക്കായി കോടതിയിലേക്ക് പോകുകയാണെന്ന് പെൺകുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പിന്നാലെ വിട്ടയക്കുകയായിരുന്നു. ചിന്മയാനന്ദിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിലാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ പെണ്‍കുട്ടിയും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ദൃശ്യങ്ങൾ കാണിച്ച് പണം ആവശ്യപ്പെട്ടെന്ന് ചിന്മയാനന്ദ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മൂന്ന് സുഹ്യത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിക്കെതിരെ തെളിവുകളുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. അതിനിടെ അറസ്റ്റിനെതിരെ പെൺകുട്ടിയുടെ പിതാവ് രംഗത്ത് എത്തി.
പെൺകുട്ടിയെ ബലമായി വീട്ടിൽ നിന്ന് പൊലീസ് കൊണ്ടുപോയതെന്നാണ് പിതാവിന്‍റെ ആരോപണം. നോട്ടീസ് ഒന്നും താരതെയാണ് കസ്റ്റഡിയിൽ കൊണ്ടുപോയത്. സ്വാമിക്കെതിരെ എല്ലാ തെളിവുകളും നൽകിയതാണ്. എന്നിട്ടും പെണ്‍കുട്ടിയെ പിടിച്ചുവലിച്ച് കൊണ്ടുപോവുകയായിരുന്നു. അതേസമയം പീഡനപരാതിയിൽ അറസ്റ്റിലായ സ്വാമി ചിന്മയാനന്ദ് നിലവിൽ ലൗക്നൗവിലെ ആശുപത്രിയൽ ചികിത്സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam