രാഹുലിൻ്റെ എംപി സ്ഥാനം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള സരിതയുടെ ഹർജി അഭിഭാഷകനില്ലാത്തതിനാൽ മാറ്റിവച്ചു

By Web TeamFirst Published Jun 10, 2020, 1:40 PM IST
Highlights

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് ഹർജി പരിഗണിച്ചെങ്കിലും സരിതയ്ക്ക് വേണ്ടി ആരും ഹാജരായില്ല 

ദില്ലി: വയനാട് എംപി രാഹുൽ ഗാന്ധി മത്സരിച്ചു ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സോളാ‍ർ കേസിലെ പ്രതി സരിത എസ് നായ‍ർ നൽകിയ ഹ‍ർജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നം​ഗ ബെഞ്ച് ഇന്ന് ഹ‍ർജി പരി​ഗണിച്ചെങ്കിലും സരിത എസ് നായ‍രുടെ ഹ‍ർജി വാദിക്കാനായി ഇന്ന് അഭിഭാഷകരാരും കോടതിയിലെത്തിയില്ലിരുന്നില്ല. വാദിക്കാനുള്ള അഭിഭാഷകൻ ഹാജരാവാത്ത സ്ഥിതിക്ക് ഹ‍ർജി പരി​ഗണിക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച സുപ്രീംകോടതി തുട‍ർനടപടികൾ രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.  

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. സോളാർ കേസിൽ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. അതേ സമയം രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തി‌ൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. 

വയനാട്ടിലെ പത്രിക തള്ളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ആവശ്യം. തെരഞ്ഞെടുപ്പ് ഹർജിയായതിനാൽ സുപ്രീംകോടതി രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചേക്കും. 431770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തിൽ രാഹുൽ വിജയിച്ചത്.

click me!