2012ല്‍ നിര്‍ഭയയ്ക്കൊപ്പം 2023ല്‍ ബ്രിജ് ഭൂഷണൊപ്പം; വീണ്ടും ചര്‍ച്ചയായി അഭിഭാഷകൻ രാജീവ് മോഹൻ

Published : Jul 19, 2023, 10:38 AM ISTUpdated : Jul 19, 2023, 10:41 AM IST
2012ല്‍ നിര്‍ഭയയ്ക്കൊപ്പം 2023ല്‍ ബ്രിജ് ഭൂഷണൊപ്പം; വീണ്ടും ചര്‍ച്ചയായി അഭിഭാഷകൻ രാജീവ് മോഹൻ

Synopsis

2012ലെ നിര്‍ഭയ പീഡനക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജീവ് മോഹനാണ് ബ്രിജ് ഭൂഷണ് വേണ്ടി ചൊവ്വാഴ്ച ദില്ലിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരായത്

ദില്ലി: വനിതാ കായിക താരങ്ങള്‍ നല്‍കിയ പീഡനക്കേസില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനായി ഹാജരായത് നിര്‍ഭയ പീഡനക്കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനായി പോരാടിയ അഭിഭാഷകന്‍. 2012ലെ നിര്‍ഭയ പീഡനക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രാജീവ് മോഹനാണ് ബ്രിജ് ഭൂഷണ് വേണ്ടി ചൊവ്വാഴ്ച ദില്ലിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരായത്. രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം കോടതി ബ്രിജ് ഭൂഷണ് അനുവദിച്ചു. ജാമ്യാപേക്ഷയില്‍ ജൂലൈ 20നാവും വാദം കേള്‍ക്കുക.

2020 മാര്‍ച്ചിലാണ് നിര്‍ഭയ പീഡനക്കേസിലെ നാല് പ്രതികളെ തൂക്കിക്കൊന്നത്. രാജ്യ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും വന്‍ ചര്‍ച്ചകള്‍ക്കുമിടയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിക്ക് വേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകനായിരുന്നു രാജീവ് മോഹന്‍.

മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹാജരാകാൻ നിർദ്ദേശിച്ചത്. ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന കേസില്‍ ബി ജെ പി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം ദില്ലി പൊലീസ് നേരത്തെ സമര്‍പ്പിച്ചിരുന്നു. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് ചൂണ്ടികാട്ടിയത്. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ചാമ്പ്യന്‍ ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍റെ മൊഴിയും വാദത്തിന് ബലം പകരാന്‍ പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു