
ബെംഗളൂരു: ബെംഗളൂരു ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് പരിക്ക്. ചെന്നൈയിൽ നിന്നെത്തിയ വഹീദ ബാനു എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിനകത്ത് കൂടിയുള്ള വനംവകുപ്പിന്റെ സഫാരിക്കിടെയാണ് ചെന്നൈ സ്വദേശിയായ വഹീദ ബാനുവിന് പരിക്കേറ്റത്. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയ വനംവകുപ്പിന്റെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. നിർത്തിയിട്ട വാഹനത്തിന്റെ ഗ്രില്ലിലേക്ക് ചാടിക്കയറി, ചെറിയ ദ്വാരത്തിലൂടെ പുള്ളിപ്പുലി നടത്തിയ ആക്രമണത്തിൽ വഹീദയുടെ കൈക്കാണ് പരിക്കേറ്റത്.
വാഹനം പെട്ടന്ന് എടുത്തതിനാൽ അപകടം ഒഴിവായി. പരിക്കേറ്റ വഹീദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിനും മകനും ഒപ്പമാണ് വഹീദ ബാനു ബന്നാർഘട്ടയിൽ എത്തിയത്. ഈ ബയോളജിക്കൽ പാർക്കിൽ നേരെത്തെയും വിനോദസഞ്ചാരത്തിനെത്തിയവരെ പുള്ളിപ്പുലി ആക്രമിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ സമാനമായ രീതിയിൽ നടന്ന ആക്രമണത്തിൽ 12 കാരന് പരിക്കേറ്റിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ ബന്നാർഘട്ടയിൽ വനംവകുപ്പിന്റെ കവചിത വാഹനങ്ങളിൽ സഫാരി നടത്തുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam