
ദില്ലി: ദില്ലി അതിരൂക്ഷ വായുമലിനീകരണം നേരിടുമ്പോള്‍ ട്വിറ്ററിലൂടെ പാട്ടുകേള്‍ക്കാനും ക്യാരറ്റ് കഴിക്കാനും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാര്‍. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ സംഗീതം നിര്‍ദ്ദേശിച്ചപ്പോള്‍ ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ നിര്‍ദ്ദേശിച്ചത് ക്യാരറ്റ് കഴിക്കാനാണ്. മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ക്യാരറ്റ് അത്യുത്തമമെന്നാണ് ആരോഗ്യമന്ത്രിയുടെ ട്വീറ്റ്.
നിങ്ങളുടെ ദിവസം സംഗീതത്തില്‍ ആരംഭിക്കൂ. ഇമാനി ശങ്കര ശാസ്ത്രിയുടെ വീണയിലുള്ള കീര്‍ത്തനത്തിന്‍റെ യൂട്യൂബ് ലിങ്ക് നല്‍കിക്കൊണ്ട് പ്രകാശ് ജാവദേക്കര്‍ കുറിച്ചു. എന്നാല്‍ രണ്ട് ട്വീറ്റുകളും നേരിട്ടത് ആളുകളുടെ വിമര്‍ശനമാണ്. ദില്ലിയിലെ നിലവിലെ ഗുരുതരാവസ്ഥയില്‍ സര്‍ക്കാരിന്‍റെ നിരുത്തരവാദിത്തമാണ് ട്വീറ്റിലൂടെ പുറത്തുവരുന്നതെന്ന വിമര്‍ശനവുമായി നിരവദി പേര്‍ ട്വിറ്ററിലൂടെത്തന്നെ രംഗത്തെത്തി.
''ശരിക്കും നിങ്ങള്‍ ഒരു മന്ത്രിയാണോ ? '' എന്ന് ഒരാള്‍ ട്വീറ്റ് ചെയ്തപ്പോള്‍ ''ഉത്തരേന്ത്യ വായു മലിനീകരണംകൊണ്ട് കഷ്ടപ്പെടുമ്പോള്‍ നോക്കൂ, പരിസ്ഥിതി മന്ത്രി എന്തിനെക്കുറിച്ചാണ് ആശങ്കപ്പെടുന്നതെന്ന്'' എന്ന് മറ്റൊരാള്‍ പരിഹസിച്ചു. മലിനമായ ഗുരുഗ്രാമിലെ അന്തരീക്ഷത്തിന്‍റെ ചിത്രം നല്‍കിക്കൊണ്ട് ''നിങ്ങളുടെ ദിവസം വായു മലിനീകരണംകൊണ്ട് തുടങ്ങൂ'' എന്ന് മറ്റൊരു ട്വീറ്റ്. മലിനമാകാത്ത ശുദ്ധമായ വായുവിന്‍റെ ലിങ്ക് കൂടി നല്‍കൂ എന്നായിരുന്നു പരിഹാസങ്ങളില്‍ മറ്റൊന്ന്.
അന്തരീക്ഷ മലിനീകരണ തോതില്‍ ഈവര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയിലാണ് ഞായറാഴ്ച ദില്ലി. ലോകത്തെ ഏറ്റവും മലിനമായ അന്തരീക്ഷവായു ഉള്ള തലസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ദില്ലിയില്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
നിലവിൽ ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക 400 നും 700 നും ഇടയിലാണ്. ആരോഗ്യാടിയന്തരാവസ്ഥക്ക് പിറകെ നാളെ മുതൽ നഗരത്തിൽ വാഹന നിയന്ത്രണവും ഏർപ്പെടുത്തും. ഒറ്റ ഇരട്ട നമ്പർ നിയന്ത്രണമാണ് ഏർപ്പെടുത്തുക. ഇതിനിടെ മലിനീകരണത്തോതിനെ കുറിച്ച് പഠിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും. സമീപ സംസ്ഥാനങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങൾക്ക് തീയിടുന്നതിനെതിരായ ഹർജിയും കോടതി പരിഗണിക്കും.
രാജ്യത്തെ ആയുർദൈർഘ്യത്തെ മലിനീകരണം ബാധിക്കുന്നതിനെ കുറിച്ച് ഷിക്കാഗോ സർവകലാശാല നടത്തിയ പഠനം ഇതേ സമയം പുറത്തുവന്നിട്ടുണ്ട്. സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്. ഗംഗാസമതലങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ആയുസ്സിലെ ഏഴ് വർഷങ്ങൾ മലിനീകരണം കാരണം കുറയുന്നു. രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ശരാശരി ആയുർദൈർഘ്യം നാല് വർഷവും ഇങ്ങനെ കുറയുന്നുവെന്ന് പഠനം പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam