
ഝാർഖണ്ഡ്: മേള നിർത്തിവെക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെയും പ്രദേശത്തെ അഡ്മിനിസ്ട്രേഷൻ ഓഫീസറെയും ആക്രമിച്ച സംഭവത്തിൽ എട്ടു പേർ അറസ്റ്റിൽ. ഝാർഖണ്ഡിലെ സരൈക്കല ഗ്രാമത്തിലാണ് സംഭവം. നൂറുകണക്കിന് ആളുകൾക്ക് കൊവിഡ് ബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ മേള നിർത്തിവെക്കാൻ സംഘാടകരോട് ആവശ്യപ്പെടാൻ വേണ്ടിയാണ് പൊലീസും ഉദ്യോഗസ്ഥനും ഗ്രാമത്തിലെത്തിയത്. എന്നാൽ ജനക്കൂട്ടം കല്ലും വടിയും ഉപയോഗിച്ച് ഇവരെ ആക്രമിച്ചു. പൊലീസിന് നേർക്ക് കല്ലെറിഞ്ഞതിന് എട്ടു പേരെ അറസ്റ്റ് ചെയ്തതായി സരൈകേല എസ് പി മുഹമ്മദ് അർഷി ഇന്ത്യ ടുഡേയോട് പറഞ്ഞു.
സരൈകേലയിലെ ബാംനി ഗ്രാമത്തിലാണ് സമ്മേളനം നടന്നത്. മേളയെക്കുറിച്ച് അറിഞ്ഞ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഗ്രാമത്തിലെത്തി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഗ്രാമവാസികൾ ആക്രമാസക്തരായി. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പൊലീസിനെ സഹായത്തിനായി വിളിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ ഗ്രാമീണർ കല്ലും വടിയും ഉപയോഗിച്ച് ഇവരെ എറിഞ്ഞോടിച്ചു. പൊലീസിനെയും ഉദ്യോഗസ്ഥരെയും പിന്തുടർന്ന് ആക്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
ഝാർഖണ്ഡിൽ 7595 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 1,84,951 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 106 പേർ കൂടി കൊവിഡ് ബാധയെതുടർന്ന് മരിച്ചതോടെ മരണം 1715 ലെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam