ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക്; കേന്ദ്രത്തോട് ഒരാഴ്ച്ചയ്ക്കകം മറുപടി നൽകാൻ സുപ്രീംകോടതി

By Web TeamFirst Published Apr 27, 2020, 2:53 PM IST
Highlights

ഇതര സംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.  തൊഴിലാളികൾക്ക് തിരിച്ചുപോകാൻ അന്തർ സംസ്ഥാന ബസ് സർവീസ് തുടങ്ങണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് പ്രശാന്ത്ഭൂഷണ് ആവശ്യപ്പെട്ടു. 

ദില്ലി: ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കിനെ കുറിച്ച് കേന്ദ്രത്തോട് മറുപടി നൽകാൻ സുപ്രീംകോടതി. ഇക്കാര്യത്തിൽ കേന്ദ്രത്തിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്നാണ് അറിയേണ്ടത്  എന്ന് സുപ്രീംകോടതി പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ സർക്കാർ മറുപടി നൽകണം. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

ഇതര സംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. തൊഴിലാളികൾക്ക് തിരിച്ചുപോകാൻ അന്തർ സംസ്ഥാന ബസ് സർവീസ് തുടങ്ങണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് പ്രശാന്ത്ഭൂഷണ് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ തിരിച്ചുപോക്ക് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഗൗരവത്തോടെ പരിശോധിച്ചുവരികയാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില് സംസ്ഥാനങ്ങളുമായി സംസാരിച്ചുവരികയാണ് തൊഴിലാളികളുടെ എണ്ണം, അവർക്ക് ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് തീവ്രബാധിത മേഖലകളിലും പകർച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞത്. ഇത് നീണ്ടുനിൽക്കുന്ന പോരാട്ടമാണെന്നും, എന്നാൽ ഗ്രീൻ സോണുകളായ ചില ഇടങ്ങളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകാവുന്നതാണെന്നും പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. രാജ്യമൊട്ടാകെ ഒരുമിച്ച് ലോക്ക്ഡൗണിൽ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ തുടർന്ന്, മറ്റ് മേഖലകൾക്ക് ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ലോക്ക്ഡൗൺ നിർദേശങ്ങൾ പ്രഖ്യാപിച്ചേക്കും. ഇതിനായി പ്രത്യേക മാർഗരേഖ പുറത്തിറക്കും. എന്നാൽ രോഗവ്യാപനം തടയാനുള്ള കർശനമായ നടപടികളുണ്ടാകും. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഉയർന്ന നിർദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.



 

click me!