
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adityanath) നിർദേശത്തെ തുടർന്ന് സംസ്ഥാനത്ത് ആരാധാനാലയങ്ങൾ ഉച്ചഭാഷിണിയുടെ ശബ്ദം താഴ്ത്തി. സംസ്ഥാനത്തെ 17,000 ആരാധനാലയങ്ങളാണ് ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചത്. ചില ആരാധനാലയങ്ങൾ ഉച്ചഭാഷിണി ഒഴിവാക്കുകയും ചെയ്തു. തുടർച്ചയായി വരുന്ന ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാനായി വിളിച്ചു ചേർത്ത യോഗത്തിലാണ് ഉച്ചഭാഷിണികളിലെ ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്ക് കേൾക്കരുതെന്ന് യോഗി ആദിത്യനാഥ് നിർദേശം നൽകിയത്. പരമ്പരാഗത മതഘോഷ യാത്രകൾ അല്ലാതെ ഘോഷയാത്രകൾക്ക് അനുമതി നൽകൂവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും യോഗത്തിൽ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.
125 കേന്ദ്രങ്ങളിലെ ഉച്ചഭാഷിണികൾ പൂർണമായി നീക്കിയതായി യുപിയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. സംസ്ഥാനത്തു സമാധാനപൂർണമായി നിസ്കാരം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തു. സമാധാന സമിതികളുടെ യോഗം വിളിച്ച് ചർച്ച ചെയ്തു. 37,344 മതനേതാക്കളുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ദില്ലിയിലെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും സംഘർഷമുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു മുന്നൊരുക്കം. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മതഘോഷയാത്രയിൽ സംഘർഷമുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam