
ചെന്നൈ: ഏക സിവിൽ കോഡിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വർഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാൻ മോദി ശ്രമിക്കുന്നുവെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. പാട്നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കിയെന്ന് വിമര്‍ശിച്ച സ്റ്റാലിന്‍, മണിപ്പൂർ കത്തുമ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തി.
രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ കുടുംബ പാർട്ടി തന്നെയാണ്. തമിഴ്നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഏക സിവിൽ കോഡ് രാജ്യത്തിന്റെ ബഹുസ്വരതക്ക് ഭീഷണിയാണെന്ന് പാളയം ഇമാം വിപി ഷുഹൈബ് മൗലവി പറഞ്ഞു. ഭരണഘടന നൽകുന്ന സ്വതന്ത്ര്യത്തെ ഹനിക്കുന്ന നീക്കങ്ങളിൽ നിന്ന് കേന്ദ്രം പിൻമാറണമെന്ന് തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്ത് ഇമാം ആവശ്യപ്പെട്ടു.
മണിപ്പൂരിലെ കലാപം ധ്രൂവീകരണ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. ജനങ്ങളെ മതപരമായി വിഭജിച്ചുള്ള അധികാര രാഷ്ട്രീയം പാടില്ലെന്നും ഇമാം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ബീമപള്ളിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam