'കൊല്ലുന്നതിന് മുമ്പ് ജയ് ശ്രീ റാം വിളിപ്പിച്ചു', ആരോപണവുമായി ദില്ലിയില്‍ കൊല്ലപ്പെട്ട ഡ്രൈവറുടെ കുടുംബം

By Web TeamFirst Published Sep 9, 2020, 10:32 AM IST
Highlights

അഫ്താബിന്റെ മാരുതി സുസുകി ഡിസൈര്‍ ദില്ലിയില്‍ നിന്ന് 57 കിലോമീറ്റര്‍ അകലെയുള്ള ബദല്‍പൂരില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
 

ദില്ലി: ഉത്തര്‍പ്രദേശില്‍ നിന്ന് മടങ്ങുന്നതിനിടെ കൊല്ലപ്പെട്ട ദില്ലി സ്വദേശിയായ ഡ്രൈവറെക്കൊണ്ട് ജയ് ശ്രീ റാം വിളിപ്പിച്ചിരുന്നുവെന്ന് ഡ്രൈവറുടെ കുടുംബം. ദില്ലിയില്‍ നിന്ന് ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലേക്ക് യാത്രക്കാരുമായി പോയതായിരുന്നു 45കാരനായ അഫ്താബ് അമല്‍.  ബുലന്ദ്ഷഹറില്‍ ആളുകളെ ഇറക്കി മടങ്ങവെ ചില യാത്രക്കാരെ ഉത്തര്‍പ്രദേശില്‍ നിന്ന് കാറില്‍ കയറ്റിയിരുന്നു. ഇവരാണ് അഫ്താബിനെ കൊലപ്പെടുത്തിയത്. 

അഫ്താബിന്റെ മാരുതി സുസുകി ഡിസൈര്‍ ദില്ലിയില്‍ നിന്ന് 57 കിലോമീറ്റര്‍ അകലെയുള്ള ബദല്‍പൂരില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. മൂന്ന് പേരാണ് മടക്കയാത്രയില്‍ അഫ്താബിനൊപ്പം ഉണ്ടായിരുന്നത്. ഇതിനിടെ അഫ്താബ് വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നുവെന്ന് മകന്‍ സാബിര്‍ പറഞ്ഞു.  പിതാവിന് എന്തോ ഭയം ഉണ്ടായിരുന്നുവെന്നും അതിനാല്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും സാബിര്‍ കൂട്ടിച്ചേര്‍ത്തു. 

'' യാത്രക്കാര്‍ ശരിയല്ലെന്ന് പിതാവിന് തോന്നിയിരുന്നു. അതോടെ അദ്ദേഹം എന്നെ വിളിക്കുകയും ഫോണ്‍ സമീപത്ത് വയ്ക്കുകയും ചെയ്തു. ഞാന്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. 7-8 മിനുട്ട് കഴിഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തോട് ജയ് ശ്രീ റാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. അത് അദ്ദേഹം അനുസരിച്ചു. അവര്‍ അദ്ദേഹത്തോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അവര്‍ പിതാവില്‍ നിന്ന് പണം മോഷ്ടിച്ചിട്ടില്ല. കാറില്‍ ഒരു ചെറിയ പോറല്‍ പോലുമില്ല. '' സാബിര്‍ പറഞ്ഞു. 

എന്നാല്‍ കാറിന്റെ വാടകയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ജയ് ശ്രീറാം വിളിപ്പിച്ചതല്ലെന്നും യാത്രക്കാര്‍ തമ്മില്‍ തമ്മിലുള്ള സംഭാഷണമായിരുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. അഫ്താബിന്റെ കൊലപാതകത്തിന് മതവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. 

റെക്കോര്‍ഡ് ചെയ്ത ഓഡിയോ 40 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ്. ഇതില്‍ ജയ് ശ്രീറാം വിളിക്കുന്ന ഭാഗത്തിന് ശേഷം ഇവര്‍ വീണ്ടും നല്ല രീതിയില്‍ സംസാരിക്കുന്നുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ഇതുവരെയും ആരെയും കണ്ടെത്താനോ അറസറ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. 

click me!