മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു; അവസരം മുതലെടുക്കാന്‍ ബിജെപി

By Web TeamFirst Published Oct 13, 2019, 10:11 AM IST
Highlights

കര്‍ഷക വായ്പ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ കമല്‍നാഥ് സര്‍ക്കാര്‍ പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ലെന്ന് ജോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: കര്‍ഷക വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ. കര്‍ഷക വായ്പ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ കമല്‍നാഥ് സര്‍ക്കാര്‍ പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ലെന്നും വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്നും ജോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു. 

അതിനിടെ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയ സിന്ധ്യയ്ക്ക് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. കര്‍ഷക വായ്പ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യഥാര്‍ത്ഥത്തില്‍ സിന്ധ്യയ്ക്ക് തോന്നുന്നുവെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിടണമെന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി സിന്ധ്യ പാര്‍ട്ടി വിട്ട് പുറത്തേയ്ക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മധ്യപ്രദേശില്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തില്‍ തമ്മിലടി രൂക്ഷമാകുന്നതിനിടെയാണ് കമല്‍ നാഥ് സര്‍ക്കാറിനെതിരെ സിന്ധ്യ രംഗത്തെത്തിയത്. മുഖ്യമന്ത്രി കമല്‍നാഥ് പിസിസി അധ്യക്ഷപദം ജ്യോതിരാദിത്യ സിന്ധ്യക്ക് നൽകാനാകില്ലെന്ന നിലപാടെടുത്തതോടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിലെ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയതോടെ കമല്‍നാഥ് പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്നായിരുന്നു സിന്ധ്യാ അനുകൂലികള്‍ കരുതിയിരുന്നത് . എന്നാല്‍ എട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും കമല്‍നാഥ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ടില്ല. 

click me!