വാക്സീൻ ക്ഷാമം, 18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷൻ വൈകും, നാളെ തുടങ്ങാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ

By Web TeamFirst Published Apr 30, 2021, 7:51 AM IST
Highlights

വാക്സീൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.  സംസ്ഥാനങ്ങൾ പലതും വാക്സീനായി ക മ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നൽകാൻ സാധിക്കൂ എന്നാണ് കമ്പനികൾ അറിയിച്ചത്.

ദില്ലി: രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ. പുതിയ ഘട്ടം വാക്സീനേഷൻ നാളെ തുടങ്ങാനാവില്ലെന്നും വൈകുമെന്നും മധ്യപ്രദേശും കേന്ദ്രത്തെ അറിയിച്ചു. നേരത്തെ ദില്ലി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ നിലവിലെ സാഹചര്യത്തിൽ 18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷൻ മെയ് 1 ന് തന്നെ ആരംഭിക്കാൻ കഴിയില്ലെന്നും വാക്സീൻ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശും രംഗത്തെത്തിയത്. നേരത്തെ കേരളം രണ്ടാം ഡോസ് വാക്സീൻ എടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കാകും മുൻഗണന നൽകുകയെന്ന് നിലപാടെടുത്തിട്ടുണ്ട്. 

രാജ്യത്ത് വാക്സീൻ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ മെയ് 1 മുതൽ നൽകിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്സീൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങൾ പലതും വാക്സീനായി കമ്പനികളെ സമീപിച്ചെങ്കിലും കേന്ദ്രത്തിന്റെ ക്വാട്ടയ്ക്ക് ശേഷമേ നൽകാൻ സാധിക്കൂ എന്നാണ് കമ്പനികൾ അറിയിച്ചത്. 

അതേ സമയം രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്സിജൻ വിതരണം, അവശ്യമരുന്നുകൾ, വാക്സീൻ വില എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകും. വാക്സീന് പല വില നിശ്ചയിച്ചതിന്റെ യുക്തി കോടതി ചോദ്യം ചെയ്തിരുന്നു. രാജ്യം ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി പറഞ്ഞത്. 

click me!