
ദില്ലി: രോഹിണി കോടതിയിലെ (RohiniCourt) വെടിവെപ്പ് കേസിൽ (Firing)ഗുണ്ട നേതാവ് ടില്ലു താജ് പുരിയയെ ക്രൈം ബ്രാഞ്ച് (CrimrBranch)ചോദ്യം ചെയ്തു. മണ്ടോലി ജയിലിൽ എത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. കോടതി വെടിവെപ്പിൻ്റെ പ്രധാന സൂത്രധാരൻ എന്ന് പോലീസ് കരുതുന്ന ആളാണ് ടില്ലു താജ്പുരിയ.ഗോഗിയെ വധിക്കാനായി മണ്ഡോലി ജയില്‍ വച്ചാണ് ടില്ലു ഗൂഢാലോചന നടത്തിയതെന്നാണ് അനുമാനം.
സുനിൽ എന്നാണ് ടിലു താജ്പൂരിയുടെ ശരിയായ പേര്. മറ്റൊരു കേസിൽ ദില്ലി പൊലീസിൻ്റെ പിടിയിലായ ഇയാളിപ്പോൾ റിമാൻഡിലാണ്. ഗോഗിയുടേയും ടിലു താജ്പൂരിയുടേയും സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ ഇതുവരെ 25 പേർ കൊലപ്പെട്ടെന്നാണ് ദില്ലി പൊലീസ് പറയുന്നത്.
ദില്ലി രോഹിണി കോടതിയിൽ 24ാം തിയതിയാണ് വെടിവെയ്പ് നടന്നത്. മാഫിയ സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പില്‍ മൂന്നുപേർ മരിച്ചു. ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേർക്ക് വെടിയേറ്റിരുന്നു.
കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉമങ്ക്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. ജിതേന്ദ്രഗോഗിയെ വധിക്കാനെത്തിയ അക്രമികള്‍ക്ക് ഇരുവരും സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. രോഹിണി കോടതിയിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇരുവരുടെയും പങ്കാളിത്തം വ്യക്തമായതെന്നാണ് സൂചന.
കനത്ത സുരക്ഷയാണ് വെടിവെപ്പ് ഉണ്ടായ രോഹിണി കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സർക്കാര്‍ നിർദേശത്ത് തുടർന്ന് ദില്ലിയിലെ ജയിലുകളിലും സുരക്ഷ വർധിപ്പിച്ചു. ഗുണ്ടാസംഘങ്ങളില്‍പെട്ടവര്‍ തടവില്‍ ഉള്ള തീഹാർ, രോഹിണി ഉള്‍പ്പെടെയുള്ള ജയിലുകളില്‍ ജാഗ്രത വേണമെന്നാണ് സർക്കാർ നിര്‍ദേശം. ഇതിനിടെ കോടതികളിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികളുമായി അഭിഭാഷര്‍ സുപ്രീംകോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര ഇടപെടലിന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് നിര്‍ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കീഴ് കോടതികളില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കണം, പ്രതികളെ വെര്‍ച്വലി കോടതികളില്‍ ഹാജരാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജികളില്‍ ഉന്നയിക്കുന്നുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam