
ലഖ്നൗ: മഹാശിവരാത്രി ആഘോഷത്തോടെ മഹാകുംഭമേളയ്ക്കും ഇന്ന് അവസാനമാകും. ശിവരാത്രി ദിനമായ ഇന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. ഇത് വരെ 64 കോടി പേര്‍ സ്നാനത്തില്‍ പങ്കെടുത്തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍.
മഹാകുംഭമേളയുടെ അവസാന ദിനമായ ഇന്ന് പ്രധാന സ്നാന ദിവസമായ അമൃത സ്നാനത്തിന്റെ അവസാന ദിവസം കൂടിയാണ്. അതു കൊണ്ട് അവസാന മണിക്കൂറിലും കുംഭമേളയുടെ ഭാഗമാകുന്നതിനു വേണ്ടി രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള വിശ്വാസികള്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിനൊപ്പം ഇവിടത്തെ വേറിട്ട കൗതുകക്കാഴ്ച്ചകള്‍ കാണാനും നിരവധി ആളുകള്‍ ഇവിടേക്കെത്തുന്നുണ്ട്.
ജനുവരി 13 ന് പൗഷ് പൂര്‍ണിമ ദിനത്തിലായിരുന്നു മഹാകുംഭമേള ആരംഭിച്ചത്. 45 ദിവസം നീണ്ട കുംഭമേള ശിവരാത്രി ദിനത്തിലാണ് അവസാനിക്കുന്നത്. ശിവരാത്രി ദിനത്തിൽ പ്രധാന സ്‌നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് അധികൃതർ വിശദമാക്കുന്നത്.
അതേ സമയം, തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയം എന്ന വിമർശനം ആവർത്തിക്കുകയാണ് പ്രതിപക്ഷം. ലോകോത്തര സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇത്രയും പേര് മേളയിൽ പങ്കെടുത്തത് എന്നും പ്രതിപക്ഷം പക്ഷപാതിത്വം കൊണ്ട് അന്ധരായി എന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകുന്ന മറുപടി. 2,750 ഹൈടെക് ക്യാമറകൾ, ആൻ്റി-ഡ്രോൺ സിസ്റ്റം, പ്രത്യേക സുരക്ഷാ ടീം എന്നിവയിലൂടെയാണ് ഗ്രൗണ്ടിൻ്റെയും മുഴുവൻ നഗരത്തിൻ്റെയും മേൽനോട്ടം ഐസിസിസി നടപ്പാക്കുന്നത്. ഡ്രോണുകൾ വഴി 24/7 വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്നും സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) രാജേഷ് ദ്വിവേദി നേരത്തെ വിശദമാക്കിയത്.
മഹാകുംഭ് നഗറിലെ മാഗ് പൂർണിമയിൽ പുണ്യസ്നാനത്തിനെത്തുനന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ ചതുർഭുജ് പദ്ധതിയാണ് നടപ്പിലാക്കിയത്. ഐസിസിസിയുടെ പ്രത്യേക സംഘമാണ് ഈ സുരക്ഷാ വലയം സ്ഥാപിക്കുന്നത്. സമഗ്രമായ നിരീക്ഷണത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലിനൊപ്പം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ എന്നിവയും ഇതിനു കീഴിൽ വരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam