
മുംബൈ: മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാർ യാഥാർത്ഥ്യമാകുന്നതോടെ, രാജ്യത്തെ 55 ശതമാനം ജനസംഖ്യയുടെ സംസ്ഥാന ഭരണം ബിജെപി ഇതര പാർട്ടികളുടെ കൈയ്യിലായി. ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാരുകളുടെ എണ്ണം പതിനാറായി കുറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ തന്നെ ഇതോടെ വലിയ മാറ്റമുണ്ടായി. ബിജെപി സംസ്ഥാനങ്ങളിൽ 45 ശതമാനം ജനങ്ങൾ മാത്രമാണ് ഉള്ളത്. 2017നെ അപേക്ഷിച്ച് വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
നരേന്ദ്രമോദി 2014 ൽ അധികാരത്തിൽ വന്ന ശേഷം ബിജെപി നിരവധി സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചിരുന്നു. ഉത്തർപ്രദേശിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയതോടെ ബിജെപി ഏറ്റവും ഉയരത്തിലെത്തി. ഇന്ത്യയിലെ 71 ശതമാനം ജനസംഖ്യയുടെ ഭരണം ബിജെപിക്കു കീഴിലായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങൾ പിടിച്ചതോടെയാണ് ആ സ്വാധീനം ഇടിഞ്ഞു തുടങ്ങിയത്. മഹാരാഷ്ട്ര കൂടി പ്രതിപക്ഷത്തേക്ക് പോകുമ്പോൾ ബിജെപിക്ക് ഭരണ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 16ആയി ഇടിഞ്ഞു. ഇതിൽ ആറെണ്ണം വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ്.
ഉത്തർപ്രദേശും ബിഹാറും കർണ്ണാടകയും ഗുജറാത്തുമാണ് ബിജെപിയുടെ കീഴിലുള്ള വലിയ സംസ്ഥാനങ്ങൾ. എന്നാൽ മഹാരാഷ്ട്രയ്ക്കൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങി കൂടുതൽ വലിയ സംസ്ഥാനങ്ങൾ ബിജെപി ഇതര പക്ഷത്തുണ്ട്. കർണ്ണാടകത്തിൽ ബിജെപി ഭരണം തുടരുമോ എന്നത് അടുത്ത മാസത്തെ ഉപതെരഞ്ഞെടുപ്പ് നിർണ്ണയിക്കും.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറയുന്നത് ഭരണഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കുറയ്ക്കും. രാജ്യസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാം എന്ന പ്രതീക്ഷയ്ക്കും മങ്ങലേൽക്കും. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം ഇപ്പോൾ നടക്കുന്ന ഝാർഖണ്ഡ്, അടുത്ത വർഷം നടക്കുന്ന ദില്ലി, ബിഹാർ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമോ എന്നതാണ് ഇനി രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam