നാല് നഗരങ്ങളടച്ച് മഹാരാഷ്‍ട്ര സര്‍ക്കാര്‍; പൊതുഗതാഗത മാർഗങ്ങൾ തടയില്ല

By Web TeamFirst Published Mar 20, 2020, 3:49 PM IST
Highlights

മുംബൈയിലും പൂനെയിലും പിംപ്രി-ചിൻച്വാദിലും ഇന്ന് ഒരോ കേസുകൾ സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം 52ആയത്. 
 

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ്19 രോഗികളുടെ എണ്ണം 50 കടന്നതോടെ നാല് നഗരങ്ങളടച്ച് മഹാരാഷ്ട്ര സർക്കാർ. മുംബൈ, പൂനെ, പിംപ്രി-ചിൻച്‍വാദ്, നാഗ്‍പൂര്‍ എന്നിവടങ്ങളിലെ കടകളും ഓഫീസുകളും മാർച്ച് 31വരെ അടച്ചിടാൻ ഉത്തരവിട്ടു. മരുന്നും ഭക്ഷ്യസാധനങ്ങളും വിൽക്കുന്നവർക്ക് മാത്രം ഇളവ് നൽകും. മുംബൈയിലും പൂനെയിലും പിംപ്രി-ചിൻച്വാദിലും ഇന്ന് ഒരോ കേസുകൾ സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം 52 ആയത്. 

ഇതോടെയാണ് മുംബൈ അടക്കം അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള നാല് നഗരങ്ങൾ അടയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. രോഗം ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത നഗരങ്ങളുമാണ് ഇത്. നിരോധനം മറികടന്ന് പ്രവർത്തിക്കുന്ന ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടിയുണ്ടാവും. നാല് നഗരങ്ങളിലെ തെരുവ് കച്ചവടക്കാരെ ഇന്നലെ മുതൽ ഒഴിപ്പിച്ച് തുടങ്ങിയിരുന്നു.

എന്നാൽ പൊതുഗതാഗത മാർഗങ്ങൾ തടയില്ല. തിരക്ക് കുറഞ്ഞില്ലെങ്കിൽ അടുത്ത ഘട്ടം അതും നിർത്തും. ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കി എല്ലാവരെയും ജയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 9,11 ക്ലാസുകളിലെ പരീക്ഷകൾ ഏപ്രിൽ 15 ലേക്ക് മാറ്റി. പത്താം ക്ലാസിൽ ശേഷിക്കുന്ന രണ്ട് പരീക്ഷകൾക്ക് മാത്രം മാറ്റമില്ല. 

ലോകമാന്യതിലക് നിന്ന് എറണാകുളത്തേക്കുള്ള ദുരന്തോ എക്സ്പ്രസ് നാളെത്തെതടക്കം അടുത്ത നാല് സ‍ർവീസുകൾ റദ്ദാക്കി. കരുതൽ നടപടിക്കൊപ്പം യാത്രക്കാരുടെ എണ്ണത്തിലെ കുറവുമാണ് റെയിൽവേ കാരണമായി പറയുന്നത്. അതിനിടെ സംസ്ഥാനത്ത് അഞ്ച് പേർക്ക് രോഗം ഭേദമായതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. ഇവരെ രണ്ടാഴ്‍ച കൂടി നിരീക്ഷിക്കും.

click me!