
മുംബൈ: 2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ 12 പ്രതികളെയും വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുമെന്ന് മഹാരാഷ്ട്ര സർക്കാർ. കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. അഭിഭാഷകരുമായി ഞാൻ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ഹൈക്കോടതി വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഫഡ്‌നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2015-ൽ പ്രത്യേക കോടതി കേസിൽ ശിക്ഷിച്ച 12 പേരെയും ബോംബെ ഹൈക്കോടതിയുടെ ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് വെറുതെ വിട്ടു. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ബെഞ്ച് വിധിച്ചു.
2006 ജൂലൈ 11-ന് 180-ലധികം പേരുടെ മരണത്തിനിടയാക്കിയ കുറ്റകൃത്യത്തിൽ ഉപയോഗിച്ച ബോംബുകളുടെ തരം പോലും രേഖപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും പ്രതികളെ ശിക്ഷിക്കാൻ ആശ്രയിച്ച തെളിവുകൾ നിർണായകമല്ലെന്നും ഹൈക്കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ചു. 12 പ്രതികളിൽ അഞ്ച് പേരുടെയും വധശിക്ഷ സ്ഥിരീകരിക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷയും മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലുകൾ തള്ളുകയും ചെയ്തു. പ്രധാന സാക്ഷികൾ വിശ്വാസയോഗ്യരല്ലെന്നും തിരിച്ചറിയൽ പരേഡുകൾ സംശയാസ്പദമാണെന്നും പീഡനത്തിലൂടെയാണ് കുറ്റസമ്മത മൊഴികൾ ശേഖരിച്ചതെന്നും കോടതി നിരീക്ഷിച്ചു.
തിരിച്ചറിയൽ പരേഡിനെക്കുറിച്ച് പ്രതിഭാഗം ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പല സാക്ഷികളും അസാധാരണമാംവിധം ദീർഘനേരം മൗനം പാലിച്ചു. ചിലർ നാല് വർഷത്തിന് ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇത് അസാധാരണമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam