'മഹാ'പ്രതിസന്ധിക്ക് പരിഹാരമാകുമോ? ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍

By Web TeamFirst Published Nov 9, 2019, 7:54 PM IST
Highlights

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനുള്ള സമയം ഇന്ന് അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. 

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്‍നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചു. നവംബര്‍ 11ന് രാത്രി എട്ടു മണിയ്ക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനുള്ള സമയം ഇന്ന് അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ അടുത്ത അവസരം ശിവസേനയ്ക്കാണ്. ബിജെപിക്ക് 105 എംഎല്‍എമാരും ശിവസേനക്ക് 56 എംഎല്‍എമാരുമാണുള്ളത്. 288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്. 

ബിജെപി-ശിവസേന പോരിന് ഇനിയും അവസാനമാകാത്ത സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്നാവിസിനും കൂട്ടര്‍ക്കും കഴിയില്ല എന്നതാണ് നിലവിലെ അവസ്ഥ. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം മുന്നണിപ്പോരിലേക്ക് നീങ്ങിയതോടെ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തത്. എന്‍സിപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണ് ശിവസേന. ബിജെപി ഇടഞ്ഞതോടെ, ആദിത്യ താക്കറേയെ മുഖ്യമന്ത്രിയാക്കാന്‍ മറ്റുവഴികള്‍ തേടുമെന്ന ഉറച്ച നിലപാടാണ് ശിവസേന സ്വീകരിച്ചിരിക്കുന്നത്.

ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വെല്ലുവിളിക്കുകയാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ പറഞ്ഞിരുന്നു. താന്‍ കള്ളം പറഞ്ഞെന്ന ഫഡ്നാവിസിന്‍റെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് ഉദ്ധവ് താക്കറേ ബിജെപിയെ വെല്ലുവിളിച്ചത്. താന്‍ കള്ളം പറഞ്ഞിട്ടില്ല. കള്ളം പറയുന്നത് ഫഡ്നാവിസാണ്. അത്തരക്കാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉദ്ധവ് താക്കറേ അഭിപ്രായപ്പെട്ടിരുന്നു. 

Read Also: നുണയന്മാരോടൊപ്പം പ്രവര്‍ത്തിക്കാനാകില്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ

click me!