നിയമസഭാംഗങ്ങള്‍ക്ക് മുംബൈയില്‍ 300 വീടുകള്‍ നല്‍കാന്‍ ഉദ്ധവ് താക്കറെ, എതിര്‍ത്ത് ശരദ് പവാര്‍

Published : Mar 29, 2022, 06:15 PM IST
നിയമസഭാംഗങ്ങള്‍ക്ക് മുംബൈയില്‍ 300 വീടുകള്‍ നല്‍കാന്‍ ഉദ്ധവ് താക്കറെ, എതിര്‍ത്ത് ശരദ് പവാര്‍

Synopsis

സംസ്ഥാനത്തിന്റെ കടബാധ്യത 6.25 ലക്ഷം കോടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും വീടുകള്‍ക്കായി വന്‍ തുക ചെലവഴിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് ചോദ്യമുയര്‍ന്നു.  

മുംബൈ: സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള 300 എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും മുംബൈയില്‍ വീട് നല്‍കാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ (Uddhav Thackeray)  നീക്കത്തിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ (Sharad Pawar). മഹാവികാസ് അഘാഡി സര്‍ക്കാരാണ് തീരുമാനമെടുത്തത്, എന്നാല്‍ നിയമസഭാ സാമാജികര്‍ക്ക് സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിക്കേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് ശരദ് പവാര്‍ പറഞ്ഞു. പകരം എംഹദ നിര്‍മ്മിച്ച വീടുകളില്‍ നിയമസഭാംഗങ്ങള്‍ക്കായി പ്രത്യേക ക്വാട്ട അനുവദിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. സഖ്യസര്‍ക്കാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് സൗജന്യ വീട് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിജെപി വിമര്‍ശിച്ചു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തമാണ്. ഭൂരിപക്ഷം നിയമസഭാംഗങ്ങളും കോടീശ്വരന്മാരാണെന്നും അവര്‍ അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും വിമര്‍ശനമുയര്‍ന്നു. സംസ്ഥാനത്തിന്റെ കടബാധ്യത 6.25 ലക്ഷം കോടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും വീടുകള്‍ക്കായി വന്‍ തുക ചെലവഴിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് ചോദ്യമുയര്‍ന്നു. മുംബൈ മേഖലക്ക് പുറത്തുള്ള നിയമസഭാ സാമാജികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഗോരെഗാവില്‍ നിയമസഭാംഗങ്ങള്‍ക്ക് 300 വീടുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മാര്‍ച്ച് 25നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയമസഭയില്‍ അറിയിച്ചത്.

സംസ്ഥാനത്ത് 288 എംഎല്‍എമാരും 78 എംഎല്‍സിമാരും അടക്കം 366 നിയമസഭാംഗങ്ങളാണുള്ളത്.  54 മുതല്‍ 60 വരെ മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ താമസ സൗകര്യമില്ലാത്ത എല്ലാ നിയമസഭാംഗങ്ങള്‍ക്കും വീട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ പദ്ധതി. ഗ്രാമീണമേഖലയിലെ പല നിയമസഭാംഗങ്ങള്‍ക്കും മുംബൈയില്‍ വീട് വാങ്ങാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സഖ്യ സര്‍ക്കാറില്‍ നിന്ന് പ്രതിപക്ഷത്തേക്ക് എംഎല്‍എമാര്‍ കൂറുമാറാന്‍ സാധ്യതയുള്ളതിനാലാണ് സൗജന്യവീട് പദ്ധതി നടപ്പാക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

എംഎല്‍എമാര്‍ക്ക് വീടും ഫ്ളാറ്റും നല്‍കുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാന്‍ പറഞ്ഞു.  ഉപമുഖ്യമന്ത്രി അജിത് പവാര്‍, ഭവനമന്ത്രി ജിതേന്ദ്ര ഔഹാദ് തുടങ്ങിയവും മുഖ്യമന്ത്രിയുടേതില്‍ നിന്ന് വ്യത്യസ്ത അഭിപ്രായമാണ് പറഞ്ഞത്. വീടുകള്‍ സൗജന്യമായി നല്‍കില്ലെന്ന് രണ്ട് ദിവസം മുമ്പ് ഭവനമന്ത്രി പറഞ്ഞിരുന്നു. ഫ്ളാറ്റ് വേണമെങ്കില്‍ 70 ലക്ഷം രൂപ നല്‍കണം. സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ വീടില്ലാത്ത എംഎല്‍എമാര്‍ക്ക് വീട് നല്‍കുമെന്ന് അജിത് പവാര്‍ പറഞ്ഞിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്‌നാട്ടിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് സർവേ ഫലം; ഡിഎംകെ സഖ്യം ജയിച്ച രണ്ട് സീറ്റുകളിൽ വിജയ് മത്സരിച്ചേക്കും
കനിമൊഴി വഴി രാഹുൽ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടു, വഴങ്ങാതെ സ്റ്റാലിൻ, ഗിരീഷ് ചോദാങ്കറിന് 'സീനിയോരിറ്റി' പോരെന്ന് ഡി.എം.കെ, സീറ്റ് ചർച്ച വഴിമുട്ടി