ദില്ലി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ദില്ലിയിലെ ആസ്ഥാനത്താണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താ സമ്മേളനം. നിർണായകമായ മഹാരാഷ്ട്രയിലുൾപ്പടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതികൾ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനമെന്നാണ് സൂചന.
കേരളത്തിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികൾ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമോ എന്നത് കാത്തിരുന്നു കാണണം.
നിർണായകം മഹാരാഷ്ട്ര!
തീയതികൾ പ്രഖ്യാപിക്കാനിരിക്കെ നിയമസഭ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി മഹാരാഷ്ട്ര ഒരുങ്ങുകയാണ്. രാജ്യസുരക്ഷയും ദേശീയതയും തെരഞ്ഞെടുപ്പ് അജണ്ടയാക്കാനാണ് ബിജെപി ശ്രമം. തലയെടുപ്പുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ നിലംതെറ്റി നിൽക്കുകയാണ് കോൺഗ്രസും എൻസിപിയും. തുല്യസീറ്റുകൾക്കായി ബിജെപിയുമായി അവസാനവട്ട വിലപേശലിലാണ് ശിവസേന.
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നവിസിന്‍റെ സംസ്ഥാന പര്യടനത്തിന്‍റെ സമാപനത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദി നയം വ്യക്തമക്കി കഴിഞ്ഞു. കശ്മീരും രാജ്യസുരക്ഷയും സൈനിക നീക്കങ്ങളും തന്നെയാണ് മഹാരാഷ്ട്രീയത്തിലും ബിജെപിയുടെ മുഖ്യപ്രചാരണ വിഷയങ്ങൾ.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, കേന്ദ്രസർക്കാരിന്‍റെ സമീപകാല പ്രവർത്തങ്ങളുടെ വിലയിരുത്തലായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വ്യാഖ്യാനിക്കപ്പെടും.അതുകൊണ്ടു വൻവിജയം ബിജെപിക്ക് അനിവാര്യതയാണ്. പ്രളയം ബാധിച്ച സംസ്ഥാനത്ത് ഉയരാവുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ ദേശീയതയിലൂന്നിയുള്ള പ്രചാരണം ഗുണകരമാണെന്ന് ദേവേന്ദ്ര ഫട്‍നവിസ് തിരിച്ചറിയുന്നുണ്ട്.
സഖ്യ ചർച്ചകൾ പൂർത്തിയാക്കി സീറ്റുകൾ തുല്യമായി വീതിച്ച എൻസിപിക്കും കോൺഗ്രസിനും മോദി മുന്നോട്ട് വച്ചു അജണ്ടയെ എങ്ങനെ മറികടക്കാനാകുമെന്ന് നോക്കി കാണേണ്ടതുണ്ട്. പ്രചാരണരംഗത്ത് ബഹുദൂരം മുന്നേറിയ ശിവസേന പതിവുപോലെ സീറ്റ് ചർച്ചകളിൽ ബിജെപിയോട് ഉടക്ക് തുടരുകയാണ്. വല്ല്യേട്ടൻ തർക്കം ഇരുപാർട്ടികളെയും 2014-ലേത് പോലെ പരസ്പര ബലപരീക്ഷണത്തിന് പ്രേരിപ്പിക്കുമോ എന്നാണ് ഇനിയറിയേണ്ടത്. സാധ്യത കുറവാണെങ്കിലും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam