കൊവിഡ് വ്യാപനം രൂക്ഷമാവുന്നു: മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാൻ സാധ്യത

By Web TeamFirst Published Feb 19, 2021, 4:59 PM IST
Highlights

രണ്ട് മാസമായി താഴ്ന്ന് കൊണ്ടിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഈ ആഴ്ച മുകളിലേക്കായിട്ടുണ്ട്. 75 ദിവസത്തിന് ശേഷം ആദ്യമായി ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നു. 

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ ആലോചിക്കുന്നു. യവത്മാൾ ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചു. അമരാവതിയിൽ ശനി,ഞായർ ദിവസങ്ങളിൽ ലോക്ഡൗൺ ആയിരിക്കും. മുംബൈയിലും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.

രണ്ട് മാസമായി താഴ്ന്ന് കൊണ്ടിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഈ ആഴ്ച മുകളിലേക്കായിട്ടുണ്ട്. 75 ദിവസത്തിന് ശേഷം ആദ്യമായി ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നു. അമരാവതി , യവത്മാൾ,അകോള തുടങ്ങീ നൂറിൽ താഴെമാത്രം പ്രതിദിന രോഗികളുണ്ടായിരുന്ന ഇടങ്ങളിൽ ഇന്ന് 500ലേറെ പേരാണ് ദിവസവും രോഗികളാവുന്നത്. 

ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ മേഖലകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. യവത്മാളിൽ അടുത്ത പത്ത് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറക്കില്ല. മതപരമായി കൂട്ടായ്മകളും വിലക്കി. വിവാഹത്തിന് 50-ൽ താഴെ മാത്രം ആളുകൾക്കാണ് അനുമതി. യവത്മാളിൽ കർഷക നേതാവ് രാകേഷ് ടിക്കായത്തിന്‍റെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്ന മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചു.  

അമരാവതിയിൽ കച്ചവട സ്ഥാപനങ്ങൾ അടക്കം മൂന്ന് ദിവസത്തേക്ക് അടച്ചിടും. മുംബൈയിൽ അഞ്ചിൽ കൂടുതൽ രോഗികളുള്ള ഫ്ലാറ്റ് കെട്ടിടങ്ങൾ സീൽ ചെയ്യും. ഹോം ക്വാറന്‍റീൻ ചെയ്തവരുടെ കയ്യിൽ സീൽ പതിപ്പിക്കും.സബർബൻ ട്രെയിനുകളിൽ മാസ്ക് ധരിക്കാത്തവരെ പിടിക്കാൻ 300 പേരെ കോർപ്പറേഷൻ നിയോഗിക്കും. കേരളത്തിൽ നിന്നടക്കമുള്ള യാത്രക്കാർക്ക് കൊവിഡില്ലാ സാക്ഷ്യപത്രം നിർബന്ധമാക്കിയിരുന്നു.  

click me!