
മുംബൈ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി രാത്രി എന്നോ പകലെന്നോ ഇല്ലാതെ അക്ഷീണം പ്രവർത്തിക്കുകയാണ് രാജ്യത്തെ ഓരോ പൊലീസുകാരും. ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ കനത്ത സുരക്ഷയാണ് പൊലീസ് ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ പൊലീസുകാരനായ പിതാവിനെ ജോലിക്ക് പോകാൻ സമ്മതിക്കാത്ത കുഞ്ഞിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.
മഹാരാഷ്ട്ര പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് പൊലീസച്ഛന്റെയും മകന്റെയും വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജോലിക്ക് പോകാൻ തയ്യാറാകുന്ന അച്ഛനോട് പുറത്ത് കൊറോണ ഉണ്ടെന്നും ജോലിക്ക് പോകണ്ടെന്നും കുഞ്ഞ് കെഞ്ചി പറയുന്നത് വീഡിയോയിൽ കാണാം. എന്നാൽ, കർത്തവ്യനിരതനായ ആ ഓഫീസർ തന്റെ മകന്റെ അപേക്ഷ പരിഗണിക്കാനാവാതെ, ഡ്യൂട്ടിക്ക് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്നുണ്ട്.
പുറത്തേക്ക് വിടാതിരിക്കാൻ പണിപ്പെടുന്ന കുഞ്ഞിനോട്, തനിക്ക് ഡ്യൂട്ടിക്ക് പോയെ പറ്റൂ എന്നും, ബോസ് നിർബന്ധമായും സ്റ്റേഷനിൽ ഹാജരായേ പറ്റൂ എന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് അച്ഛൻ പറയുന്നത്.
രാജ്യത്തിന്റെ പലഭാഗത്തും ലോക്ക് ഡൗൺ ലംഘിച്ച പലർക്കുമെതിരെ പൊലീസ് സ്വീകരിച്ചുപോരുന്ന കടുത്ത നടപടികൾ വിവാദമാവുന്നതിനിടെയാണ് വ്യത്യസ്തമായ ഈ വീഡിയോയും വൈറലായത്. നാടും, നാട്ടിലെ ജനങ്ങളും അപകടത്തെ മുഖാമുഖം കണ്ടു നിൽക്കുമ്പോൾ സ്വന്തം കുടുംബത്തേക്കാളും സുരക്ഷയെക്കാളും ഉപരിയായി, ജനങ്ങളോടുള്ള കടമ നിർവഹിക്കുന്നവരാണ് പൊലീസുകാർ എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ വേണ്ടിയാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നതെന്ന് മഹാരാഷ്ട്ര പൊലീസ് പറഞ്ഞു. പൊലീസുകാർ ഡ്യൂട്ടിയിൽ കാണിക്കുന്ന ഈ അർപ്പണ മനോഭാവം പൊതുജനത്തിനും ലോക്ക് ഡൗൺ പാലിക്കാനുള്ള പ്രേരണ പകരട്ടെ എന്നും മഹാരാഷ്ട്ര പൊലീസ് പ്രതീക്ഷ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam