
മുംബൈ: നാളെ വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ മഹാരാഷ്ട്രയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ വീട്ടിൽ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാര്‍ അടക്കമുള്ള നേതാക്കളെത്തി. ബിജെപി എംഎൽഎമാരും നേതാക്കളും കൂടിയാലോചനകളിൽ പങ്കെടുക്കുന്നുണ്ട്,. മുംബൈ വാംഗഡെ സ്റ്റേഡിയത്തിൽ രാത്രി എംഎൽഎമാരുടെ യോഗം വിളിച്ച് ചേര്‍ക്കാനാണ് ബിജെപി തീരുമാനം എന്നാണ് വിവരം. അമിത്ഷാ അടക്കമുള്ളവരുടെ നിലപാടുകളും ഇടപെടലുകളും വരും മണിക്കൂറുകളിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിര്‍ണ്ണായകമാണ്.
105 എംഎൽഎമാരാണ് ബിജെപിക്ക് ഉള്ളത്. അജിത് പവാര്‍ അടക്കം മൂന്ന് പേരുടെ പിന്തുണ മാത്രമാണ് എൻസിപിയിൽ നിന്ന് ഉള്ളതെന്നിരിക്കെ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാൽ പോലും ഭൂരിപക്ഷം തികക്കാനാകാത്ത അവസ്ഥയാണ് ദേവേന്ദ്ര ഫഡ്നാവിസിനു മുന്നിലുള്ളത്. എൻസിപി കോൺഗ്രസ് കക്ഷികളിൽ നിന്ന് കൂടുതൽ പേര്‍ പിന്തുണക്കാനെത്തിയില്ലെങ്കിൽ സര്‍ക്കാരിന് ഭൂരിപക്ഷം തികക്കാനാകാതെ പുറത്ത് പോകേണ്ട അവസ്ഥയുണ്ടാകും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 പേരുടെ പിന്തുണയാണ്
അതിനിടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സേന എൻസിപി കോൺഗ്രസ് ക്യാമ്പിൽ ആത്മ വിശ്വാസം പ്രകടമാണ്. ഇന്ന് വൈകീട്ടോടെ ത്രികക്ഷി സഖ്യം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉദ്ധവ് താക്കറെ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ടോടെ സംയുക്ത പാര്‍ട്ടി സമ്മേളനവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. 162 പേരുടെ പിന്തുണ ഉണ്ടെന്ന അവകാശവാദമാണ് ത്രികക്ഷി സഖ്യം ഉന്നയിക്കുന്നത്. അനായാസം ബിജെപിയെ തോൽപ്പിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ത്രികക്ഷി നേതാക്കൾ പങ്കുവക്കുന്നത്. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam