മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം മൂന്നാം തവണ

By Web TeamFirst Published Nov 13, 2019, 6:32 AM IST
Highlights

1980ലും 2014ലുമാണ് ഇതിനു മുന്‍പ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിൽ വന്നത്.

മുംബൈ: മഹാരാഷ്ട്രയിൽ ഇത് മൂന്നാം തവണയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്. 1980ലും 2014ലുമാണ് ഇതിനു മുന്‍പ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിൽ വന്നത്.

അടിയന്തരവസ്ഥയ്ക്ക് ശേഷം, ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയ കാലം. മഹാരാഷ്ട്രയിൽ അന്ന് മുഖ്യമന്ത്രി ശരത് പവാർ. ജനതാ പാർട്ടിയുമായി ചേർന്നു ഭരിക്കുന്ന കാലം.
9 കോൺഗ്രസ് ഇതര സംസ്ഥാനങ്ങളെ ഇന്ദിരാന്ധി പിരിച്ചു വിട്ടപ്പോൾ അതിൽ മഹാരാഷട്രയും ഉണ്ടായിരുന്നു. അങ്ങനെ, 1980 ഫെബ്രുവരി 17ന് സംസ്ഥാനത്ത് ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 112 ദിവസം നീണ്ടു നിന്ന രാഷട്രപതി ഭരണം, 1980 ജൂണ്‍ 8ന് പിന്‍വലിക്കപ്പെട്ടു.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രണ്ടാമത്തെ രാഷ്ട്രപതി ഭരണം. എൻസിപി 15 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചപ്പോൾ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് ഭൂരിപക്ഷം നഷ്ടമായി. ഭരണ അസ്ഥിരത മറിക്കടക്കുവാൻ 33 ദിവസം സംസ്ഥാനം രാഷ്ട്രപതി ഭരണത്തിനു കീഴിൽ. 2014 സെപ്റ്റംബര്‍ 28ന് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ഒക്ടോബര്‍ 31 വരെ തുടര്‍ന്നു.. ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് ഭരണം പിടിച്ചുച്ചെടുത്തു.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കഴിഞ്ഞ രണ്ട് തവണയും സംസ്ഥാനത്ത് സര്‍ക്കാരുകള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍
കാരണമായതാകട്ടെ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത സാഹചര്യവും.

click me!