പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ന് വൈകുന്നേരമാകും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള നരേന്ദ്ര മോദിയുടെ യോഗം. വീഡിയോ കോൺഫറൻസിലൂടെയാകും യോഗം ചേരുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകൾ യോഗം വിലയിരുത്തും. ഊർജ പ്രതിസന്ധിയിലടക്കം സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും. ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട. മുൻകരുതലായി സ്വീകരിക്കേണ്ട നടപടികളും, കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ചയിൽ തീരുമാനമുണ്ടാകും. ഇന്ധന ലഭ്യത, വളം ലഭ്യത, അവശ്യ വസ്തു വിതരണം, ക്രമസമാധാനം ഉറപ്പാക്കൽ, വിലക്കയറ്റ നിരീക്ഷണം എന്നീ കാര്യങ്ങളിലും വിശദമായ ചർച്ച നടക്കും. അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മാതൃക പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല.

09:57 AM (IST) Mar 27
തൃത്താല തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാമും ഷാഫി പറമ്പിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി ഡീൽ ആരോപണങ്ങൾ തള്ളിയ ഷാഫി, എം ബി രാജേഷിന്റെ വെല്ലുവിളിക്ക് ജനവിധിയിലൂടെ മറുപടി നൽകുമെന്ന് ബൽറാം വ്യക്തമാക്കിയതായും പറഞ്ഞു
08:37 AM (IST) Mar 27
കവടിയാർ കൊട്ടാരത്തിൽ നടന്ന കോടികളുടെ മോഷണക്കേസിൽ രാജകുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ല. ചിലരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിന് പിന്നാലെ, പൊലീസ് ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് രാജകുടുംബം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്
07:53 AM (IST) Mar 27
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ഡിഎംകെയിൽ ശക്തമാകുന്നു. ഉദയനിധി സ്റ്റാലിന് വേണ്ടി കനിമൊഴിയെ ഒതുക്കുകയാണെന്ന ആരോപണങ്ങൾക്കിടെ, സ്ഥാനാർത്ഥി പട്ടികയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്ത് തീരുമാനമെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്
07:18 AM (IST) Mar 27
കായംകുളം എംഎൽഎ യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. വിവാദ പരാമർശത്തെ തുടർന്ന് യുഡിഎഫും മുസ്ലിം ലീഗും ഇർഷാദിനെതിരെ നടപടിയെടുക്കുകയും, പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു